prasob

തിരുവനന്തപുരം:വീട്ടുകാരുമായി പിണങ്ങി ഒറ്റയ്ക്ക് ചെന്നൈയിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലെത്തിയ പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. വലിയതുറ ഡൊമസ്റ്റിക് എയർപോർട്ടിന് മുൻവശം സ്റ്റിജോ ഹൗസിൽ പ്രശോഭ് ജേക്കബ് (34), വലിയതുറ വലിയതോപ്പ് സെന്റ്.ആൻസ് ചർച്ചിന് സമീപം സ്റ്റെല്ലാ ഹൗസിൽ ജോൺ ബോസ്‌കോ (ജോണ്ടി, 33) എന്നിവരെയാണ് പേരൂർക്കട പൊലീസ് അറസ്റ്റു ചെയ്തത്.

സംഭവം

ജനുവരി 9ന് വീട്ടുകാരോട് പിണങ്ങിയിറങ്ങിയ പെൺകുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തി ചെന്നൈയ്ക്ക് പോകാൻ ടിക്കറ്റെടുക്കാനായി നിന്നപ്പോഴാണ് പ്രതികൾ അടുത്തുകൂടിയത്. തുടർന്ന് തന്ത്രപരമായി പെൺകുട്ടിയെ പടിഞ്ഞാറെ കോട്ടയ്ക്ക് സമീപമുള്ള ലോഡ്ജിൽ കൂട്ടിക്കൊണ്ടുപോയി അവിടെ വച്ചും, പിന്നീട് ട്രെയിൻ യാത്രയിൽ പെൺകുട്ടിക്കൊപ്പം പോയ പ്രതികൾ തമിഴ്നാട്ടിലെ കായ്പ്പാടി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽവച്ചും പീഡിപ്പിച്ച് കടന്നു കളയുകയായിരുന്നു.

പരാതി

കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിനിയെ ബംഗളൂരുവിൽ നിന്നും കണ്ടെത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. മൊബൈൽ ഫോൺ ഇല്ലാതിരുന്ന പെൺകുട്ടി,കൂടെ യാത്ര ചെയ്തവരിൽ നിന്ന് ഫോൺ വാങ്ങി പലരെയും വിളിച്ചിരുന്നു. ഈ കാളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ബംഗളൂരുവിൽ ഉണ്ടെന്ന് പൊലീസ് മനസിലാക്കിയത്.

പ്രതികൾ കുടുങ്ങിയത്

പീഡനവിവരം പുറത്ത് വന്നതിനെ തുടർന്ന് പ്രതികളെ പിടികൂടുന്നതിനായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ.ദിവ്യ.വി. ഗോപിനാഥിന്റെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ട്രെയിനിലെ യാത്രക്കാരുടെ വിവരം ശേഖരിച്ചും,ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. പ്രതികളുടെ സുഹൃത്തുക്കളായ മറ്റു നാല് പേർ കൂടി പെൺകുട്ടിയെ ബംഗളൂരുവിൽ വച്ച് പീഡിപ്പിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. പേരൂർക്കട എസ്.എച്ച്.ഒ സൈജുനാഥിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മോനിഷ് എം, സുനിൽ വി, സഞ്ചു ജോസഫ്, എ.എസ്.ഐ അനികുട്ടൻ നായർ, എസ്.സി.പി.ഒമാരായ ഷംനാദ്, മീനാ എസ്. നായർ സി.പി.ഒമാരായ അനീഷ്, ആതിര, രശ്മി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.