കരുത്തുറ്റ തൊഴിലാളി നേതാവ്, കർമ്മോത്സുകനായ ഭരണകർത്താവ്, മികച്ച വിദ്യാഭ്യാസ പ്രവർത്തകൻ, പ്രതിഭാശാലിയായ എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം കേരളീയ ജീവിതത്തിൽ തിളങ്ങി നിന്ന എ.എ. കൊച്ചുണ്ണി മാസ്റ്ററുടെ നൂറാം ജന്മദിനമാണ് 2021 ജനുവരി 26.
ബിരുദവും ബി.ടി.യും പാസായി അദ്ധ്യാപനവൃത്തിയിൽ പ്രവേശിച്ച കൊച്ചുണ്ണി മാസ്റ്റർ പ്രജാ മണ്ഡലത്തിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുകയും ഒരു നിയോഗം കണക്കെ കെ.എച്ച്. സുലൈമാൻ മാസ്റ്റർ, എം.കെ.രാഘവൻ വക്കീൽ എന്നിവർക്കൊപ്പം കൊച്ചിയിലെ തുറമുഖ തൊഴിലാളികളുടെ പൊരുതുന്ന സംഘടനയായ സി.ടി.ടി.യുവിന്റെ ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുകയും ചെയ്തത് ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. കൊടിയ ചൂഷണത്തിനും തികഞ്ഞ അവ്യവസ്ഥയ്ക്കും പരിഹാരം തേടുന്നതിനായി ആ ത്രിമൂർത്തികളുടെ നേതൃത്വത്തിൽ നയിച്ച സമരങ്ങളുടെ കൂടി പരിണാമമാണ് ഇന്നത്തെ കൊച്ചി നഗരം.
കൊച്ചി നഗരം ഒരു സിറ്റി കോർപ്പറേഷനായി മാറിയപ്പോൾ അതിന്റെ പ്രഥമ മേയറായി തിരെഞ്ഞടുത്തത് എ.എ. കൊച്ചുണ്ണി മാസ്റ്ററെയാണ്. കൊച്ചി നഗരത്തിന്റെ വികസനത്തിനായി അദ്ദേഹം കണ്ടിരുന്ന സ്വപ്നങ്ങൽ പലതും ഇന്നും സാക്ഷാത്കരിക്കപ്പെടാതെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്.
1970-ൽ ആലുവയിൽ നിന്നാണ് കൊച്ചുണ്ണി മാസ്റ്റർ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അടിയന്തരാവസ്ഥ കാരണം, ഈ സഭയുടെ കാലാവധി 1977 വരെ തുടർന്നു. ലീഡർ കെ. കരുണാകരന്റെ ഒപ്പം പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡറായി മാസ്റ്റർ പ്രവർത്തിച്ചു. കെ. കരുണാകരന്റെ വലംകൈയായിരുന്നു മാസ്റ്റർ .
പബ്ലിക് അണ്ടർടേക്കിംഗ് കമ്മിറ്റി ചെയർമാനായും അദ്ദേഹം സേവനം ചെയ്തു. കെ.പി.സി.സി. ട്രഷററായും പ്രവർത്തിച്ചു. പിന്നീട്, അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞത് വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തന രംഗത്തായിരുന്നു. അൽ അമീൻ എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ എന്ന നിലയിൽ എറണാകുളം-ആലപ്പുഴ ജില്ലകളിലായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പരിശ്രമം കൊണ്ടാണ്.
സമസ്തകേരള സാഹിത്യപരിഷത്തിന്റെ ഉദ്ധാരണത്തിനും പ്രവർത്തനത്തിനും നേതൃത്വം നൽകിയ കൊച്ചുണ്ണി മാസ്റ്റർ കേരള ഹിസ്റ്ററി അസോസിയേഷന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിലും പ്രവർത്തിച്ചിരുന്നു. പി.കെ. ഡീവർ മെമ്മോറിയിൽ ട്രസ്റ്റ് ചെയർമാൻ, പി.എ. സെയ്ദു മൂഹമ്മദ് ഫൗണ്ടേഷൻ ചെയർമാൻ എന്നീ നിലകളിൽ സജീവമായി പ്രവർത്തിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗാന്ധിപീസ് ഫൗണ്ടേഷനായിരുന്നു മറ്റൊരു കർമരംഗം. മിതഭാഷി ആയിരുന്ന കൊച്ചുണ്ണി മാസ്റ്റർ പക്ഷേ, മികച്ച പ്രഭാഷകൻ കൂടിയായിരുന്നു.
ഇംഗ്ലീഷിലും മലയാളത്തിലും പ്രഭാഷണങ്ങൾ നടത്തിയിരുന്ന അദ്ദേഹത്തിന് സംസ്കൃതവും വശമായിരുന്നു. വലിയൊരു വായനക്കാരനും നല്ലൊരു എഴുത്തുകാരനും കൂടിയായിരുന്നു അദ്ദേഹം. തിരക്കുകൾ കാരണം കൂടുതൽ, എഴുതാൻ കഴിഞ്ഞിരുന്നില്ലെങ്കിലും സയ്യിദ് അമീർ അലിയുടെ ഷോർട്ട് ഹിസ്റ്ററി ഓഫ് സാരസൻസ്, സ്പിരിറ്റ് ഒഫ് ഇസ്ലാം എന്നീ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പ്രിസിദ്ധീകരിക്കുവാൻ അദ്ദേഹത്തിനായി.
പുറമെ കർക്കശക്കാരനായ വ്യക്തിയായി തോന്നിയിരുന്നെങ്കിലും ഉള്ളിൽ വലിയ അലിവും വാത്സല്യവുമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് അടുപ്പമുണ്ടായിരുന്നവർ ഓർക്കുന്നു. തികഞ്ഞ മതേതരവാദി ആയിരുന്നു മാസ്റ്റർ. മൂല്യങ്ങളിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസവും വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതിലെ കരുത്തും പ്രത്യേകതകളായിരുന്നു. 2007 ജൂലായ് 21ന് ആ പ്രതിഭാശാലിയുടെ ജീവിതത്തിന് തിരശ്ശീല വീണു.
(ലേഖകന്റെ മൊബൈൽ - 9446308600)