medical-college

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഒരു കൊവിഡ് വാക്സിനേഷൻ കേന്ദ്രം കൂടി ആരംഭിച്ചു. ഇതോടെ ദിനംപ്രതി 200 പേർക്ക് വാക്സിൻ എടുക്കാനാവും. കഴിഞ്ഞ തിങ്കളാഴ്ചയാണ് മെഡിക്കൽ കോളേജിലെ മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലാബ് സമുച്ചയത്തിൽ ആദ്യ വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചത്. ആദ്യ ദിവസം 57 പേർക്കാണ് കുത്തിവയ്പ് നൽകിയത്. തുടർന്നുള്ള ദിവസങ്ങളിൽ ദിവസവും 90 പേർക്ക് വരെ വാക്സിൻ നൽകി. കുത്തിവയ്പ് എടുക്കാൻ കൂടുതൽ ആൾക്കാർ എത്തിയതോടെയാണ് ഒരു സ്റ്റേഷൻ കൂടി ആരംഭിക്കാൻ തീരുമാനിച്ചത്.

പുതിയ കേന്ദ്രവും ആദ്യത്തേതിനു തൊട്ടടുത്താണ്.. അതിനായി ഇൻജക്ഷൻ റൂം, ഡാറ്റാ വെരിഫിക്കേഷൻ റൂം എന്നിവ പ്രത്യേകം സജ്ജമാക്കി. രണ്ടു സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചതോടെ മെഡിക്കൽ കോളേജിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ഒരു മാസത്തിനുള്ളിൽ തന്നെ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

അലർജിയുള്ളവർക്ക് തൽക്കാലം വാക്സിനില്ല

അലർജി ഉള്ളവർക്ക് തൽക്കാലം കുത്തിവയ്പ് നൽകില്ല. ഐ.സി.യു സംവിധാനമുൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയ ശേഷം അലർജി പ്രശ്നം ഉള്ളവരെ പരിഗണിക്കും. ആരോഗ്യകരമായ കോശങ്ങളെ ബാധിക്കുന്ന രോഗമുള്ള ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ഗ്രൂപ്പിലുള്ളവരെയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കൊവിഡ് മുക്തരായി നാലു മുതൽ എട്ട് ആഴ്ചവരെയായവർക്ക് കുത്തിവയ്പ് നൽകി. അവയവം മാറ്റിവച്ച ഏതാനും പേരും കുത്തിവയ്പ് എടുത്തു.