ammathotila

തിരുവനന്തപുരം: അന്തരിച്ച കവയിത്രി സുഗതകുമാരിക്ക് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രണാമം. കവിയുടെ വേർപാടിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം ഹൈടെക് അമ്മത്തൊട്ടിലിൽ അതിഥിയായി എത്തിയ പെൺകുരുന്നിന് ടീച്ചറിന്റെ ഓർമ്മകൾ നിലനിറുത്തി സുഗത എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു.
ശിശുക്ഷേമ സമിതിയുടെ എക്കാലത്തെയും സഹയാത്രികയും അഭ്യുദയകാംഷിയുമായിരുന്ന ടീച്ചർ സമിതിയിലെ അനാഥ കുരുന്നുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉപദേശകയും നിറസാന്നിദ്ധ്യവുമായിരുന്നു. സംസ്ഥാനത്ത് അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനുശേഷം ലഭിക്കുന്ന 281-ാമത്തെയും തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 145-ാമത്തെയും കുരുന്നാണ് സുഗത.
എസ്.എ.ടി ആശുപത്രിയിൽ തുടർപരിശോധനകൾക്ക് പ്രവേശിപ്പിച്ച കുരുന്നിന്റെ കൊവിഡ് പരിശോധന നടത്തിയപ്പോൾ നെഗറ്റീവാണ്. നിലവിൽ സമിതി ദത്തെടുക്കൽ കേന്ദ്രത്തിൽ പോറ്റമ്മമാരുടെ പരിലാളനയിൽ കഴിയുന്ന പുതിയ അതിഥി ആരോഗ്യവതിയാണ്. ദത്തു നൽകൽ പ്രക്രിയ ആരംഭിക്കേണ്ടതിനാൽ കുട്ടിക്ക് അവകാശികളാരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണം.