തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന കർഷക പരേഡിന്റെ ഭാഗമായി കേരളത്തിലെ പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ ഇന്ന് കർഷക പരേഡ് നടക്കും. റിപ്പബ്ലിക്ക് ദിന പരിപാടികൾക്ക് ശേഷം വൈകിട്ട് മൂന്നിനാണ് പരേഡ്. കർഷകർക്കൊപ്പം തൊഴിലാളികളും,വിദ്യാർത്ഥികളും പങ്കാളികളാകും. കേന്ദ്ര സർക്കാരിന്റെ കർഷകബില്ലുകളെ എതിർക്കുന്ന മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിചേരണമെന്ന് സംയുക്ത കർഷകസമിതി കൺവീനർ കെ.എൻ. ബാലഗോപാൽ, ചെയർമാൻ സത്യൻ മൊകേരി എന്നിവർ അഭ്യർത്ഥിച്ചു.