കൊല്ലം : കോടികളുടെ മയക്കുമരുന്ന് ഇടപാട് കേസിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ കുണ്ടറ കാഞ്ഞിരകോട് കളപൊയ്ക വീട്ടിൽ ബ്ലസന് (32) കുരുക്കായത് പിതാവ് ബാബുവിന്റെ മൊഴി.രണ്ട് ദിവസം മുമ്പ് ചെന്നൈയിലെ ആഡംബര ഫ്ളാറ്റിൽ നിന്ന് പത്ത് ഗ്രാം എം.ഡി.എം.എയുമായി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ബാബുവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മറ്രൊരു ഫ്ളാറ്റിൽ നിന്ന് ബ്ളസനും പിടിയിലായത്. കഴിഞ്ഞ ഒരു വർഷമായി ചെന്നൈയിൽ തമ്പടിച്ച് കേരളത്തിലേക്ക് കോടികണക്കിന് രൂപയുടെ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിവരികയായിരുന്നു അച്ഛനും മകനും.
കൊല്ലം എക്സൈസ് രജിസ്റ്റർ ചെയ്ത എം.ഡി.എം.എ കേസിൽ നാലാം പ്രതിയാണ് ബ്ളസൻ. ഇയാൾ ചെന്നൈയിൽ ഒളിവിലാണെന്ന് മനസിലാക്കിയ എക്സൈസ് ഇക്കാര്യം നർക്കോട്ടിക് കൺട്രോൾ ബ്യൂറോയെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ അന്വേഷണത്തിലാണ് ബ്ളസന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിൽ നിന്ന് പിതാവ് ബാബു പിടിയിലായത്. പത്ത് ഗ്രാമോളം എം.ഡി.എം.എയുമായി പിടിയിലായ ബാബുവിനെ ചോദ്യം ചെയ്തപ്പോഴാണ് മകന്റെ മയക്കുമരുന്ന് ഇടപാടുകൾ വ്യക്തമായത്. പിതാവ് പിടിയിലായ വിവരം അറിഞ്ഞയുടൻ ചെന്നൈയിലെ മറ്രൊരു ഫ്ളാറ്റിലേക്ക് ബ്ളസൻ താമസം മാറ്റി. ബ്ളസനെ പിടികൂടാൻ കഴിയാതെ വന്നതോടെ എക്സൈസ് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തി. ലുക്ക് ഔട്ട് നോട്ടീസ് സമൂഹമാദ്ധ്യമങ്ങളിൽ കണ്ട് തിരിച്ചറിഞ്ഞ പാലക്കാട് നർക്കോട്ടിക് സെൽ കൈമാറിയ വിവരമാണ് ബ്ളസനെ പിടികൂടാൻ സഹായിച്ചത്.
ഒരുവർഷം ഒരുകോടിയുടെ ഇടപാട്
കഴിഞ്ഞ ഒരുവർഷത്തിനകം ഒരുകോടിയുടെ മയക്കുമരുന്ന് ഇടപാടാണ് കേരളത്തിൽ മാത്രം ബ്ളസൻ നടത്തിയത്. ഗൂഗിൾപേ മുഖാന്തിരമാണ് ഇടപാടുകളിൽ ഭൂരിഭാഗവും നടന്നത്. ഒരു ഗ്രാമിന് 3000 രൂപവീതം ഈടാക്കിയായിരുന്നു ഇടപാട്. കേരളത്തിൽ സിനിമ മേഖലയിലുള്ളവരും പ്രൊഫഷണലുകളുമുൾപ്പെടെ വൻ സംഘത്തിന് ബ്ളസനുമായി മയക്കുമരുന്ന് ഏർപ്പാടുള്ളത്. എം.ഡി.എം.എയുമായി കൊല്ലം ആശ്രാമം കാവടിപ്പുറം നഗർ 26 പുത്തൻ കണ്ടത്തിൽ ദീപുവാണ് (25) ,കൊറ്റങ്കര തട്ടാർക്കോണം അൽത്താഫ് മൻസിലിൽ അൽത്താഫ് (അമൽ– 26) എന്നിവരെ പിടികൂടിയ കേസിൽ
ബാങ്ക് ഇടപാടുകളെ ചുറ്റിപ്പറ്രിയുള്ള അന്വേഷണമാണ് ചെന്നൈ മയക്കുമരുന്ന് ശൃംഖലയിൽപ്പെട്ട ബ്ളസനിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. ദീപുവും അൽത്താഫും ഗൂഗിൾ പേ മുഖാന്തിരം നടത്തിയ പണം ഇടപാടുകളുടെ വിശദാംശങ്ങൾ പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽ ഒരുവർഷത്തിനകം കോടികളുടെ ഇടപാടുകൾ നടന്നതായി സ്ഥിരീകരിച്ചത്. കേസിൽ മൂന്നാം പ്രതി ചിറയിൻകീഴ് കീഴാറ്റിങ്ങൽ പുലിക്കുന്നത്തു വീട്ടിൽ വൈശാഖ് (24) ഒളിവിലാണ്.പണം ഇടപാട് നടത്തിവരുടെ വിശദാംശങ്ങൾ ശേഖരിച്ച എക്സൈസ് സംഘം വിപുലമായ അന്വേഷണമാണ് ഇത് സംബന്ധിച്ച് നടത്തിവരുന്നത്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരും ഐ.ടി പ്രൊഫഷണലുകളും ഉൾപ്പെടെ നിരവധി പേർ അന്വേഷണത്തിൽ കുടുങ്ങുമെന്നാണ് എക്സൈസ് നൽകുന്ന സൂചന.
നാട്ടുകാർക്ക് ബ്ളസൻ വിമാനത്താവള ജീവനക്കാരൻ
കുണ്ടറ പടപ്പക്കരയിലെ നാട്ടുകാർക്ക് ബ്ളസൻ ചെന്നൈ വിമാനത്താവളത്തിലെ ജീവനക്കാരനാണ്. ലോക്ക് ഡൗൺ കാലത്ത് ചെന്നൈയിൽ നിന്ന് ആഡംബര കാറിൽ നാട്ടിലെത്തിയ ബ്ളസൻ നാട്ടുകാർക്കിടയിൽ വൻതോതിൽ പണം വാരിക്കോരി ചെലവാക്കുന്ന ഒരു ധാരാളിയായിരുന്നു. ലോക്ക് ഡൗണിൽ പണിയില്ലാതെ കഷ്ടത്തിലായ സുഹൃത്തുക്കളിൽ പലർക്കും ബ്ളസൻ കൈനിറയെ പണം നൽകി. വിമാനത്താവളത്തിൽ മുന്തിയ ജോലിയാണ് ബ്ളസനെന്നായിരുന്നു നാട്ടുകാരെ ധരിപ്പിച്ചിരുന്നത്. തമിഴ്നാട്ടിൽ നിന്ന് ഏതാനും വർഷം മുമ്പ് പടപ്പക്കരയിലെത്തി താമസമാക്കിയവരാണ് ബ്ളസനും കുടുംബവും. അമ്മയും ഡ്രൈവറായ അനുജനും മാത്രമാണ് പടപ്പക്കരയിലെ വീട്ടിലുളളത്. അച്ഛൻ ബാബുവും ബ്ലസനും ചെന്നൈയിലെ ഫ്ലാറ്റിലാണ് താമസം. മാസം തോറും നാട്ടിൽ വരാറുള്ള ഇവർ ആർഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്. മയക്കുമരുന്ന് ഇടപാടിലൂടെ സമ്പാദിച്ച കോടികളാണ് ഇവർ ആർഭാടത്തിനായി വിനിയോഗിച്ചത്. ബംഗളുരു കേന്ദ്രീകരിച്ച് എം.ഡി.എം.എ നിർമ്മിച്ച് നൽകുന്ന സംഘവുമായി അടുത്ത ബന്ധമുള്ളയാളാണ് ബ്ളസൻ. ഇവരുടെ കൈയ്യിൽ നിന്ന് തുച്ഛമായ മുതൽ മുടക്കിൽ നിർമ്മിക്കുന്ന എം.ഡി.എം.എയാണ് വൻവിലയ്ക്ക് ബ്ളസൻ വിറ്റഴിക്കുന്നത്. വാട്ട്സ് ആപ് ഉൾപ്പെടെയുളള സമൂഹ മാദ്ധ്യമ അക്കൗണ്ട് വഴിയാണ് ഇടപാട്. പൗച്ച് വന്നുവെന്ന കോഡിലാണ് എം.ഡി.എം.എ സ്റ്രോക്കിന്റെ കാര്യം ഇയാൾ ഇടപാടുകാരെ അറിയിക്കുന്നത്. ലെയർ ചെയ്യുക, സ്കോർ ചെയ്യുക തുടങ്ങിയ പദങ്ങളിലൂടെയാണ് എം.ഡി.എം.എയുടെ വിവിധ രീതിയിലുള്ള ഉപയോഗങ്ങളെ ഇവർ കോഡ് ചെയ്യുന്നത്.
നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത ബ്ളസനെയും ബാബുവിനെയും കൊല്ലത്തെ മയക്കുമരുന്ന് കേസിൽ വരും ദിവസങ്ങളിൽ എക്സൈസ് കസ്റ്റഡിയിൽ വാങ്ങും. ഇതോടെ കൊല്ലം കേന്ദ്രീകരിച്ചുള്ള മാരക ലഹരി മരുന്ന് ഇടപാടുകളുടെ ചുരുളഴിയുമെന്നാണ് എക്സൈസ് കരുതുന്നത്. കൊല്ലം അസി. എക്സൈസ് കമ്മിഷണർ ബി. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.