കോട്ടയം: കഴിഞ്ഞദിവസം എട്ടുകിലോ കഞ്ചാവുമായി ചിങ്ങവനം പൊലീസ് സാഹസികമായി പിടികൂടിയ സംഘത്തിലെ പ്രധാന പ്രതി പാലക്കാട് ആലനെല്ലൂർ പറക്കോട്ട് അനസ് ബാബു (43) സ്വകാര്യ ബാങ്കുകളിൽ മുക്കുപണ്ടം പണയപ്പെടുത്തി ഏഴു ലക്ഷം രൂപതട്ടിയെടുത്ത കേസിലെ പ്രതി. പാലക്കാട് മണ്ണാർകാട് പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസ് നിലവിലുള്ളത്. കൂടാതെ ഇയ്യാൾക്കെതിരെ കഞ്ചാവ് വില്പന നടത്തിയതിനും കേസുണ്ടെന്ന് ചിങ്ങവനം സി.ഐ ബിൻസ് ജോസഫ് പറഞ്ഞു.
കോട്ടയത്ത് കഞ്ചാവുമായി പിടികൂടിയവരെ ചോദ്യം ചെയ്തതോടെയാണ് പാലക്കാട് സ്വദേശികളായ മൂവർ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് നാട്ടകം - തിരുവാതുക്കൽ ബൈപാസ് റോഡിൽ ഇവരുടെ കാറിന് കൈകാണിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു. തുടർന്ന് പൊലീസ് വാഹനം ഇവരെ ഓവർടേക്ക് ചെയ്ത് റോഡിന് കുറുകെയിട്ടാണ് പിടികൂടിയത്. മൽപ്പിടുത്തത്തിലൂടെയാണ് പ്രതികളെ പൊലീസ് കീഴ്പ്പെടുത്തിയത്.
മണ്ണാർക്കാട് കുമൻചിറ തോന്നിപ്പാടത്ത് രാധാകൃഷ്ണൻ (32) , ആലനെല്ലൂർ പറക്കോട്ട് രാഹുൽ (21) എന്നിവരാണ് അനക്സിനൊടൊപ്പം അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. പിടിയിലായ രാധാകൃഷ്ണൻ നിരവധികഞ്ചാവ് കേസുകളിൽ പ്രതിയാണ്. നാലു വർഷത്തെ ജയിൽവാസത്തിനുശേഷം ആറു മാസം മുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്. പ്രതി രാഹുലിനെ നേരത്തെ രണ്ടു കിലോ കഞ്ചാവുമായി പിടികൂടിയെങ്കിലും പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. ഒളിവിൽ കഴിയവേയാണ് ഇയാൾ ചിങ്ങവനം പൊലീസിന്റെ പിടിയിലായത്.
കോട്ടയം, ചിങ്ങവനം, ചങ്ങനാശേരി ഭാഗങ്ങളിൽ വില്പന നടത്താൻ കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇവർ ഈ ഭാഗങ്ങളിൽ സ്ഥിരമായി കഞ്ചാവ് എത്തിച്ചിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരായ കഞ്ചാവ് വില്പനക്കാരാണ് ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങിയിരുന്നത്. ഇവരെക്കുറിച്ചും പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചിങ്ങവനം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.