moshanam

തിരുവനന്തപുരം: ബസിൽ നിന്ന് ഇറങ്ങവേ യാത്രക്കാരിയുടെ ബാഗിൽ നിന്നു സ്വർണവും പണവും വാച്ചും മോഷ്ടിച്ച രണ്ടു സ്ത്രീകളെ പിടികൂടിയതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. തമിഴ്നാട് സ്വദേശികളും സഹോദരങ്ങളുമായ രാമേശ്വരം കാക്കാത്തോപ്പ് മുരുകൻ കോവിൽ ഈശ്വരി (25), മുത്തുമാരി (24) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്തത്. 26ന് രാവിലെ ഉള്ളൂർ പോങ്ങുംമൂട് ബസ്‌സ്റ്റോപ്പിലായിരുന്നു സംഭവം. മുണ്ടയ്ക്കൽ സ്വദേശിയായ യാത്രക്കാരി ബസിൽ നിന്നു ഇറങ്ങവേ അവിടെയുണ്ടായിരുന്ന പ്രതികൾ തിരക്കുണ്ടാക്കി യാത്രക്കാരിയുടെ ബാഗിൽ നിന്ന് 17,​300 രൂപയും സ്വർണ ഏലസും വാച്ചുമടങ്ങിയ പഴ്സും മോഷ്ടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. യാത്രക്കാരി അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ തെരച്ചിലിനിടെ സംശയാസ്പദമായ നിലയിൽ കണ്ട പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരിൽ നിന്നു മോഷണ മുതൽ കണ്ടെത്തി. ചോദ്യം ചെയ്‌തപ്പോൾ ഇതേ ബസ് സ്റ്രോപ്പിൽ മറ്റൊരു മോഷണം നടത്തിയെന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. മറ്റു സ്റ്റേഷൻ പരിധികളിൽ പ്രതികൾ സമാനമായ മോഷണം നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ.ദിവ്യ വി ഗോപിനാഥ് അറിയിച്ചു. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐമാരായ പ്രശാന്ത്, പ്രിയ, മെർവിൻ ഡിക്രൂസ്, എസ്.സി.പി.ഒ രഞ്ജിത്, സി.പി.ഒമാരായ പ്രതാപൻ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.