കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തിൽ മറക്കാനാവാത്ത ഒരു ദിവസമാണ് ജനുവരി 30. ഇന്ത്യയിൽ ആദ്യത്തെ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചത് അന്നാണ്. തുടർന്ന് നടത്തിയ മുന്നൊരുക്കങ്ങൾ ഒന്നാംഘട്ടത്തിൽ കൊവിഡ് വ്യാപനത്തിന്റെ തോതും മരണനിരക്കും കുറയ്ക്കാൻ സഹായകമായി. പകർച്ചവ്യാധി പ്രതിരോധത്തിന് മുന്നിൽ പ്രധാനപ്പെട്ട മൂന്ന് വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനമാണ് കേരളം. ഒന്ന് വളരെ ഉയർന്ന ജനസാന്ദ്രത. രണ്ട്, പ്രായം ചെന്നവരുടെ വർദ്ധിച്ച ജനസംഖ്യ - ആകെ ജനസംഖ്യയുടെ 14 ശതമാനം - മൂന്ന് ജീവിതശൈലീരോഗ വ്യാപനം. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമെന്നാണ് കേരളം അറിയപ്പെടുന്നത്. വ്യാപനശേഷിയുള്ള വൈറസിന്റെ പകർച്ചയുണ്ടാകുമ്പോൾ മരണനിരക്ക് വർദ്ധിക്കാൻ ഇത് കാരണമാകുന്നു. അതിനാൽ കൊവിഡ്-19 വ്യാപനത്തിൽ കൂടുതൽ മരണനിരക്ക് കേരളത്തിലാകാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. സർക്കാരിന്റെ ശ്രദ്ധേയമായ ഇടപെടലാണ് മരണനിരക്ക് വളരെ കുറയ്ക്കാൻ സഹായിച്ചത്. ലോകാരോഗ്യ സംഘടനയും ആരോഗ്യ ഏജൻസികളും മരണനിരക്ക് ഒരു ശതമാനത്തിന് താഴെയാക്കാൻ കഴിഞ്ഞാൽ നേട്ടമാകുമെന്ന് സൂചിപ്പിച്ചപ്പോൾ നമുക്ക് മരണനിരക്ക് 0.4 ആയി കുറയ്ക്കാൻ സാധിച്ചു. ഇതാണ് ലോകരാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും അഭിനന്ദനത്തിന് പാത്രമാകാൻ സഹായിച്ചത്.
ലോക് ഡൗൺ മാറ്റിയതോടെ യാത്രാവിലക്ക് നീങ്ങി, ആളുകളുടെ സഞ്ചാരവും കൂട്ടായ്മയും വർദ്ധിച്ചു. അകലം പാലിക്കാനും മാസ്ക് ധരിക്കാനും സാനിറ്റൈസർ ഉപയോഗിക്കാനും ഓരോ വ്യക്തിയും തയ്യാറായാൽ മാത്രമേ രോഗപ്പകർച്ച തടയാൻ കഴിയുമായിരുന്നുള്ളൂ. അത് വേണ്ടത്ര പാലിക്കാത്തതിന്റെ ഫലമായാണ് രോഗപ്പകർച്ച കൂടിയത്. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും സമയോചിത ഇടപെടലിലൂടെയാണ് കേസുകൾ വർദ്ധിച്ചിട്ടും മരണനിരക്ക് ആദ്യഘട്ടത്തിലെ 0.5 ശതമാനത്തിൽ നിന്നും 0.4 ശതമാനമായി കുറയ്ക്കാൻ സാധിച്ചത്. കൊവിഡ് മഹാമാരി പിന്മാറുമ്പോൾ എത്രപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്ന പ്രധാന ചോദ്യമാണ് അവശേഷിക്കുക. ചെറിയ അശ്രദ്ധയുണ്ടായിരുന്നെങ്കിൽ മരിച്ചു പോകുമായിരുന്ന പതിനായിരങ്ങളുടെ ജീവൻ രക്ഷിക്കാനായതാണ് കേരളത്തിന്റെ പ്രധാന നേട്ടം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള ഇടപെടലുകളും ആരോഗ്യസംവിധാനങ്ങളും സേവനങ്ങളും ശക്തമാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളുമാണ് ഇത് സാദ്ധ്യമാക്കിയത്. മറ്റ് പലയിടത്തും മരണനിരക്ക് നാല് മുതൽ 10 ശതമാനമായപ്പോൾ നമ്മുടെ സംസ്ഥാനത്തെ മരണനിരക്ക് എല്ലായ്പ്പോഴും 0.4 ശതമാനത്തിന് താഴെയാക്കാൻ സാധിച്ചു. മരണനിരക്ക് കുറച്ച് നിറുത്തിയിരിക്കുന്നത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ മികവാണ്. വിദേശരാജ്യങ്ങളുടെ പ്രശംസ നേടിത്തന്നതും ഈ മികവാണ്. ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള ഇറ്റലി പോലുള്ള രാജ്യങ്ങളിലും ഇന്ത്യയിലെ ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേസുകൾ വർദ്ധിച്ചപ്പോൾ ചികിത്സ കിട്ടാത്ത അവസ്ഥയുണ്ടായി. എന്നാൽ കേരളത്തിൽ രോഗവ്യാപന വേഗത കുറച്ചു നിറുത്തിയതു കൊണ്ടുതന്നെ എല്ലാവർക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ സാധിച്ചു. ഒരു ഘട്ടത്തിൽപ്പോലും 50 ശതമാനത്തിൽ കൂടുതൽ ഐസിയുകളും 25 ശതമാനത്തിലധികം വെന്റിലേറ്ററുകളും ഉപയോഗിക്കേണ്ടി വന്നില്ല എന്നത് ഇത് സാക്ഷ്യപ്പെടുത്തുന്നു. ഇതിലൂടെ നമുക്ക് അനേകം ജീവനുകൾ രക്ഷിക്കാനായി. എന്നാൽ ഇളവുകൾ കൊടുക്കുമ്പോൾ കേസുകൾ സ്വാഭാവികമായും വർദ്ധിക്കും. അതിനാൽ വാക്സിൻ ലഭ്യമാകുന്നത് വരെ ജാഗ്രത വർദ്ധിപ്പിക്കുക.
ബ്രേക്ക് ദ ചെയിൻ
കൊറോണയുടെ കണ്ണികളെ പൊട്ടിക്കാൻ സർക്കാർ ആവിഷ്കരിച്ച ബ്രേക്ക് ദ ചെയിൻ കൊവിഡ് പ്രതിരോധത്തിൽ വലിയ പങ്കുവഹിച്ചു. കേരളത്തിൽ കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലായിരുന്നു തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്. എന്നാൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വലിയ ആൾക്കൂട്ടമാണുണ്ടായത്. തുടർന്നിങ്ങോട്ട് പല നിയന്ത്രണങ്ങളുമൊഴിവാക്കി. അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ കാണുന്നത്. പ്രതിദിന രോഗികളുടെ എണ്ണം കൂടിയെങ്കിലും നിയന്ത്രിക്കാൻ പറ്റുന്ന അവസ്ഥയാണ്.
തുടരണം ജീവന്റെ വിലയുള്ള ജാഗ്രത
രോഗികളുടെ എണ്ണം വർദ്ധിക്കുന്നെങ്കിലും നമുക്ക് ലോക്ക് ഡൗണിലേക്ക് പോകാനാവില്ല. കൊവിഡിനോടൊപ്പം ജാഗ്രതയോടെ ജീവിക്കാൻ നമ്മൾ പഠിച്ചു. എങ്കിലും ആരും ജാഗ്രത വെടിയരുത്. മാസ്ക് ധരിക്കുകയും ഇടക്കിടയ്ക്ക് കൈകഴുകയോ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം. സാമൂഹിക അകലവും പാലിക്കണം. വാക്സിന് അനുമതി ലഭിച്ചതോടെ ഈ വർഷം പ്രതീക്ഷ നല്കുന്നു. കേന്ദ്രം വാക്സിൻ നല്കുന്ന മുറയ്ക്ക് മുൻഗണനാ ക്രമമനുസരിച്ച് എല്ലാവർക്കും വാക്സിൻ എത്തിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. എല്ലാവരിലും വാക്സിൻ എത്തുന്നതുവരെ ഈ പോരാട്ടം കുറച്ചുകാലം കൂടി തുടരേണ്ടതുണ്ട്.