അന്തർദേശീയ തലത്തിൽ മയക്കുമരുന്ന് വ്യാപാരം എത്താത്ത രാജ്യങ്ങളില്ല. ഇതിനുള്ള പ്രധാന കാരണം ഈ വ്യാപാരത്തിൽ നിന്ന് ലഭിക്കുന്ന വൻ വരുമാനമാണ്. തെക്കേ അമേരിക്കയിലെയും ആഫ്രിക്കയിലെയും ചില രാജ്യങ്ങൾ പ്രത്യേകിച്ച് കൊളംബിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെല്ലാം തന്നെ വിപുലമായ രീതിയിൽ മയക്കുമരുന്ന് വ്യാപാരത്തിൽ മാഫിയാ സംഘങ്ങൾ ഏർപ്പെട്ടിരിക്കുന്നു. നമ്മുടെ രാജ്യത്തും അനധികൃത മയക്കുമരുന്ന് വ്യാപാരം പിടിമുറുക്കിക്കൊണ്ടിരിക്കയാണ്.
പ്രധാനമായും അറിയപ്പെടുന്ന മയക്കുമരുന്നുകൾ പോപ്പി എന്ന ചെടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഓപ്പിയം, മോർഫിൻ, ഹെറോയിൻ, കഞ്ചാവ് ചെടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കഞ്ചാവ്, ഹാഷിഷ്, ചരസ്, കൊക്കാ ചെടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കൊക്കെയിൻ എന്നിവയാണ്. നിരവധി മയക്കുമരുന്നുകൾ കൃത്രിമമായും നിർമ്മിക്കപ്പെടുന്നുണ്ട്. മയക്കുമരുന്നുകളിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും ഓപ്പിയം ആയതുകൊണ്ട് അത് മയക്കുമരുന്നിന്റെ രാജാവെന്ന് അറിയപ്പെടുന്നു. നിയമ പ്രകാരം വൻതോതിൽ ഓപ്പിയം ഉത്പാദിപ്പിക്കുകയും കയറ്റുമതി നടത്തുകയും ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് നമ്മുടെ രാജ്യം.
പോപ്പി എന്ന ചെടിയുടെ ചരിത്രം പരിശോധിച്ചാൽ ബി.സി 5000ൽ മെഡിറ്ററേനിയൻ മേഖലയിൽ ഇവ കൃഷിചെയ്തിരുന്നതായി പറയപ്പെടുന്നു. നമ്മുടെ രാജ്യത്ത് ഏകദേശം 450 വർഷങ്ങൾക്കു മുമ്പ് വൻതോതിൽ പോപ്പി കൃഷിചെയ്തുവന്നിരുന്നു. ഇംഗ്ളീഷുകാരുടെ ആധിപത്യം വന്നതോടെ പോപ്പി കൃഷി മൊത്തമായി എടുത്ത് ഗവൺമെന്റിന്റെ മേൽനോട്ടത്തിലാക്കി. 1857-ലും 1875-ലും അവർ opium act കൾ കൊണ്ടുവന്ന് പോപ്പി കൃഷിയിലും ഓപ്പിയം നിർമ്മാണത്തിലും വില്പനയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
സ്വാതന്ത്ര്യശേഷം നമ്മുടെ രാജ്യത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒരു സമഗ്ര നിയമം വരുന്നത് 1985-ൽ ആണ്. അതായത് ദി നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് (NDPS Act).
1985-ലെ NDPS Act പ്രകാരം നിയമാനുസരണമുള്ള ഔഷധ ശാസ്ത്ര ഉപയോഗങ്ങൾക്കൊഴികെയുള്ള മയക്കുമരുന്നുകൾ നിരോധിക്കപ്പെട്ടു. പ്രസ്തുത നിയമ പ്രകാരം മയക്കുമരുന്നുമായി ബന്ധപ്പെട്ട് 237 തരം വസ്തുക്കൾക്ക് നിരോധനമോ നിയന്ത്രണമോ ഏർപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്ന ചെടികൾ വളർത്തുക, മയക്കുമരുന്ന് ഉത്പാദിപ്പിക്കുക, വിൽക്കുക, വാങ്ങുക, സംഭരിക്കുക, അതിന്റെ ഉടമയാകുക, ഉപയോഗിക്കുക, കടത്തിക്കൊണ്ടുപോകുക, നിയമവിധേയമല്ലാതെ ഇറക്കുമതിയോ കയറ്റുമതിയോ ചെയ്യുക എന്നിവയെല്ലാം നിരോധിക്കപ്പെട്ടു. മയക്കുമരുന്ന് കുറ്റങ്ങൾ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റം തെളിഞ്ഞാൽ പത്തുവർഷത്തെ കഠിന തടവും ഒരുലക്ഷം രൂപ പിഴയും പ്രസ്തുത നിയമത്തിൽ ഉൾപ്പെടുത്തി. NDPS Act-ൽ പലപ്പോഴായി വന്ന ഭേദഗതികൾ പ്രകാരം നിയമവിരുദ്ധമായി മയക്കുമരുന്നുകൾ കടത്തുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനും, മയക്കുമരുന്ന് കേസുകൾ കൈകാര്യം ചെയ്യുവാൻ പ്രത്യേക കോടതികളും നിലവിൽ വന്നു. 2001-ലെ ഭേദഗതി പ്രകാരം നിരോധിക്കപ്പെട്ട മയക്കുമരുന്നിന്റെ അളവ് പരിഗണിക്കാതെയുള്ള ഒരേ ശിക്ഷ എല്ലാ മയക്കുമരുന്ന് കുറ്റക്കാർക്കും നൽകുന്നതിലുള്ള അപാകത മാറ്റി പിടിക്കപ്പെട്ട മയക്കുമരുന്നിന്റെ അളവും നിലവാരവും പരിഗണിച്ച് ശിക്ഷയിൽ മാറ്റങ്ങൾ വരുത്തി.
2014ലെ ഭേദഗതി പ്രകാരം മയക്കുമരുന്നുകളെ സ്മാൾ, ഇന്റർമീഡിയറ്റ്, കമേഴ്സ്യൽ ക്വാണ്ടിറ്റി എന്നിങ്ങനെ മൂന്നായി വേർതിരിക്കപ്പെട്ടു. ഇതുപ്രകാരം സ്മാൾ ക്വാണ്ടിറ്റി മയക്കുമരുന്ന് കുറ്റമാണ് ചെയ്തതെന്ന് തെളിഞ്ഞാൽ ഒരുവർഷം വരെ കഠിന തടവോ, പിഴയോ, രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാവുന്നതാണ്. ഇന്റർ മീഡിയറ്റ് ക്വാണ്ടിറ്റിയാണെങ്കിൽ പത്തുവർഷം വരെ കഠിന തടവും ഒരുലക്ഷം രൂപ പിഴയും, കമേഴ്സ്യൽ ക്വാണ്ടിറ്റി എങ്കിൽ പത്തുവർഷം മുതൽ ഇരുപത് വർഷം വരെ കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും ലഭിക്കാവുന്നതാണ്.
പത്തോ അതിൽ കൂടുതലോ വർഷം കഠിനതടവും പിഴയും ലഭിച്ച വ്യക്തി NDPS Act Section 31 A-ൽ ഉള്ള പട്ടികയിൽ വിവരിക്കുന്ന രീതിയിൽ ഓപ്പിയം, മോർഫിൻ, ഹെറോയിൻ, കൊക്കയിൻ, ഹാഷിഷ് തുടങ്ങിയ പതിനാലിനം മയക്കുമരുന്നുകൾ ഉത്പാദിപ്പിക്കുകയോ, നിർമ്മിക്കുകയോ കയറ്റുമതിയോ ഇറക്കുമതിയോ ചെയ്യുകയോ തുടങ്ങിയ കുറ്റങ്ങൾ ആവർത്തിച്ചാൽ വധശിക്ഷ ലഭിക്കാവുന്നതാണ്.
മയക്കുമരുന്ന് കുറ്റങ്ങളിലൂടെ സമാഹരിച്ച എല്ലാ വസ്തുക്കളും പിടിച്ചെടുക്കുന്നതിനും കണ്ടുകെട്ടുന്നതിനും നിയമത്തിൽ വ്യവസ്ഥയുണ്ട്. മയക്കുമരുന്ന് കുറ്റങ്ങൾക്ക് ശിക്ഷ ലഭിച്ചാൽ അതിൽ ഇളവ് വരുത്താനോ അത് ലഘൂകരിക്കാനോ, സസ്പെന്റ് ചെയ്യാനോ വ്യവസ്ഥയില്ല. മയക്കുമരുന്ന് കുറ്റം ചെയ്ത ആൾ അത് ആവർത്തിച്ചാൽ ആ കുറ്റത്തിന്റെ പരമാവധി ശിക്ഷയുടെ ഒന്നര ഇരട്ടി ശിക്ഷ ലഭിക്കുന്നതാണ്.
മയക്കുമരുന്ന് കുറ്റങ്ങൾ കണ്ടുപിടിക്കുന്നതിന് കസ്റ്റംസ്, സി.ബി.ഐ, ഡി.ആർ.ഐ, ബി.എസ്.എഫ്, സ്റ്റേറ്റ് പൊലീസ്, എക്സൈസ്, വനം വകുപ്പ് എന്നിങ്ങനെ വിവിധ വകുപ്പുകളെ അധികാരപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ നിരവധി മുൻകരുതലുകളും കഠിനമായ ശിക്ഷകളും നിയമത്തിലുണ്ടെങ്കിലും നിയമവിരുദ്ധമായ മയക്കുമരുന്ന് വ്യാപാരം നിർബാധം തുടർന്നുവരുന്നതായാണ് അനുഭവം.