കടം എടുക്കാമെന്നു വച്ചു. പക്ഷേ അതിനും പറ്റുന്നില്ല. കടം തരാൻ ആരെങ്കിലും വേണ്ടെ. കാശുണ്ടെങ്കിലല്ലേ കടമുള്ളു. പിന്നെ ഒരിടമുണ്ട്. അവിടെ ഇഷ്ടം പോലെ കാശുണ്ട്. ഏതെന്ന ചോദ്യമില്ല. സംശയമില്ല. ഇഷ്ടം പോലെ കടം കൊടുക്കും. മനുഷ്യർക്കു ചികിത്സയ്ക്കായി കാശു കിഫ്ബി കടമായി കൊടുക്കുമോ. തിരക്കണം. കിട്ടിയാൽ നേടി. ഇല്ലെങ്കിൽ പോയി.
ഒക്കെ പ്രശ്നങ്ങളാണേ. അതൊരു വല്ലാത്ത അവസ്ഥ തന്നെ. സർക്കാരിനു തന്നെ നൂറ് കൂട്ടം പ്രശ്നങ്ങൾ. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സർക്കാർ ആശുപത്രിയിൽ മുടങ്ങി. ബസ് ഓടിക്കുന്ന കോർപ്പറേഷനിൽ പ്രശ്നം. സ്വിഫ്റ്റ് വേണോ, വേണ്ടേ. വാട്ടർ അതോറിട്ടിയിലും പ്രശ്നം. ഏതാണ്ട് അതുതന്നെ. ലൈഫ് മിഷൻ ആകെ പ്രശ്നത്തിൽ. ഹവാലയും റിവേഴ്സ് ഹവാലയും. കേസും വഴക്കും. കാറിന്റെ തുണിയുരിയൽ. കറുത്ത കണ്ണാടി കടലാസ് ഊരൽ. സ്വർണക്കടത്ത്. കാമറ പരതി തെളിവ് തേടൽ. ജയിലിൽ കൈയേറ്റം. കഴിഞ്ഞ വർഷത്തെ പൂർത്തീകരിക്കേണ്ടിയിരുന്ന പദ്ധതികൾ. ഇടയുന്ന ആനകൾ. തുരപ്പൻ പന്നികൾ. കടിച്ചുകീറാൻ കടുവകൾ. അതിവേഗ റെയിൽ പദ്ധതിക്കു ഭൂമി വേണം. ലൈറ്റ് മെട്രോ. ഫ്ലൈ ഓവറുകൾ. മിനി സിവിൽ സ്റ്റേഷൻ. പക്ഷിപ്പനി. സംവരണ തോതിലെ കള്ളക്കളികൾ. പെട്രോൾ- ഡീസൽ വിലക്കയറ്റം. പുറം വാതിൽ നിയമനം. മോഷണം. സുപ്രീംകോടതിയിൽ വരെ കേസുകൾ. ദാരിദ്ര്യം, പീഡനം അങ്ങനെ പ്രശ്നങ്ങളുടെ സ്റ്റേറ്റ് സമ്മേളനം. ചുരുക്കത്തിൽ പ്രശ്നങ്ങൾക്കു മാത്രം ഒരു പ്രശ്നവുമില്ല. ഇതിനൊക്കെ പരിഹാരം വേണ്ടെ. ആര് ചെയ്യും. സർക്കാർ തന്നെ. അപ്പോ പിന്നെ സർക്കാരിന്റെ അന്തഃപ്പുരത്തിൽ 14 ലക്ഷം രൂപയുടെ ചായ കുടിച്ച് ഭരണക്കാർ ഒന്നു ഉഷാറാവട്ടെ.
പ്രശ്നങ്ങളിൽ നട്ടം തിരിയുന്നു. ജനങ്ങളും സർക്കാരും. കൂടെ കൊവിഡിന്റെ താന്തോന്നിത്തരങ്ങളും. കുറെപ്പേർ മരിച്ചു. ജീവിതത്തിലേക്കു മടങ്ങാൻ ചിലർ.
കൊവിഡിനെ ചെറുക്കാൻ വാക്സിൻ ഇറങ്ങുന്ന കാര്യം പുറത്തായി. കൂടെ 'വെബ്കോ"യുടെ ആപ്പും മാറ്റി. ബാറും തുറന്നു. അല്ലാതെ വഴിയില്ല. സർക്കാരിന്റെ കൈയിൽ കാശു വേണ്ടെ. ശമ്പളം കൊടുക്കണ്ടെ. പെൻഷൻ കിടക്കുന്നു. വികസനം വേറെ. സൗജന്യ കിറ്റുകൾ... പട്ടിക നീളുന്നു. കൊവിഷീൽഡും കൊവാക്സിനും രംഗത്തു വന്നു. വേണ്ടതു സഹകരണം. ജനങ്ങളുടെ. അതിനവരെ ഉത്തേജിപ്പിക്കണം. ഒരു കുഴപ്പവും ഇല്ലെന്ന ധൈര്യം. അതുണ്ടാവണം. ചില മന്ത്രിമാർ (കേരളത്തിലല്ല) വാക്സിൻ കുത്തിവച്ചു. പടം പത്രങ്ങളിൽ തെളിഞ്ഞു. അണികളിൽ ഉന്മേഷവും ഇരട്ടിച്ചു. കേരളത്തിന്റെ സ്ഥിതിയോ. വെബ്കോ തുറന്ന മോടിയല്ലെ. ചിലർ ഒരു ചോദ്യം ഉയർത്തി: ചോദ്യം ഇങ്ങനെ: ''അടിയ്ക്കണോ, കുത്തണോ...?" പ്രശ്നമായി. വെന്തുമരിക്കണോ അതോ വാക്സിൻ കുത്തിവയ്ക്കണോ. ഉദ്ദേശമതായിരുന്നു. അതോടെ പുതിയ ഒരു പ്രശ്നം കൂടി ഭൂജാതമായി. സർക്കാർ പറയുന്നു കേന്ദ്രം ഒന്നും പറഞ്ഞില്ലെന്ന്. അപ്പോ പിന്നെ നമ്മുടെ ആരോഗ്യപ്രവർത്തകർക്കു പണിയില്ലെ. അതോ അവരുടെ പ്രവർത്തനത്തിന് വിലയില്ലെ. ഇടയ്ക്കു വന്നു. റഷ്യൻ ജ്ഞാനികളുടെ വിജ്ഞാനം. വാക്സിൻ സ്വീകരിക്കുന്നവർ രണ്ടുമാസം മദ്യപിക്കരുത്. വാക്സിന്റെ രണ്ടു ഡോസുകൾ ഉണ്ട്. ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പും വാക്സിൻ സ്വീകരിച്ചതിനു ശേഷം 42 ദിവസവും മദ്യം ഉപയോഗിക്കാൻ പാടില്ല. ശരീരത്തിന്റെ പ്രതിരോധ ശക്തി മദ്യം തകർക്കുമത്രെ!
പ്രശ്നം തന്നെ തീവ്ര പ്രശ്നം.
മിടുക്കനായ ഒരു ക്രിമിനൽ വക്കീൽ ഒരു പ്രശ്നം പരിഹരിച്ച കഥയുണ്ട്. നല്ല മഴയും കാറ്റുമുള്ള ഒരു രാത്രി. സമയവും കുറെയായി. വക്കീൽ കാറോടിച്ചു വരുന്നു. റോഡരികിലെ ബസ് സ്റ്റോപ്പിൽ മൂന്നുപേർ നില്ക്കുന്നു. രോഗം മൂർച്ഛിച്ച ഒരു വൃദ്ധ. വക്കീലിന്റെ പഴയ ഒരു കൂട്ടുകാരൻ. പിന്നെ വക്കീലിനു വിവാഹം കഴിക്കാൻ കിട്ടിയാൽ കൊള്ളാമെന്നു കരുതിയിരുന്ന ഒരു യുവതിയും. ആരേയും ഒഴിവാക്കാൻ പറ്റുന്ന അവസ്ഥയല്ല. കാറിന്റെ പിൻസീറ്റിലും ഡിക്കിയിലും നിറയെ സാധനങ്ങൾ. ഒരാളിനെ മാത്രം കയറ്റാനുള്ള ഇടമെ കാറിലുള്ളുതാനും.
എന്തായാലും വക്കീൽ ബസ് സ്റ്റോപ്പിൽ കാർ നിറുത്തി. ഇറങ്ങിച്ചെന്നു. രോഗം കടുത്തിരുന്ന വൃദ്ധ പറഞ്ഞു : 'മോനെ, എങ്ങനെയെങ്കിലും എന്നെ ആശുപത്രിയിലാക്ക്..." അപ്പോൾ പഴയ സ്നേഹിതനായ രണ്ടാമൻ: ''എടാ വക്കീലേ. എത്ര കാലമായടാ കണ്ടിട്ട്. നീ എന്നെ വീട്ടിൽ വിട്ടേച്ചു പോയാ മതി..." അപ്പുറത്തു യുവതി മിണ്ടാതെ നില്ക്കുന്നു. പ്രശ്നമായല്ലൊ എന്നു വക്കീൽ വാസ്തവത്തിൽ കരുതിയില്ല. കാറിന്റെ താക്കോൽ വക്കീൽ സ്നേഹിതനെ ഏല്പിച്ചിട്ടു പറഞ്ഞു : 'നീ അമ്മച്ചിയെ ആശുപത്രിയിലാക്ക്. എന്നിട്ട് കാർ നാളെ രാവിലെ വീട്ടിൽ എത്തിക്കണം. കൂട്ടുകാരൻ അമ്മച്ചിയേയും കയറ്റി സ്ഥലം കാലിയാക്കി. പ്രശ്നം തീർന്നു.
മഴയ്ക്കിടെ ഒരു മിന്നലുണ്ടായപ്പോൾ വക്കീൽ കണ്ടു. യുവതി നിന്നു ചിരിക്കുന്നു.