ഇന്ത്യയിലെ പൊതു ബഡ്ജറ്റ് പ്രയാസകരമായ സംഗതിയാണ്; ഈ ബഡ്ജറ്റും വ്യത്യസ്തമാകില്ല. കൊവിഡ്19 മഹാമാരിയുടെ പ്രത്യാഘാതം സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നതു കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ധനമന്ത്രിക്ക് കടുത്ത ഞാണിന്മേൽ കളിതന്നെ നടത്തേണ്ടിവരും. എന്നിരുന്നാലും, പല റേറ്റിംഗ് ഏജൻസികളും 2021-22 ൽ ഇരട്ടഅക്ക വളർച്ച പ്രവചിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് കാര്യപരിപാടിക്ക് കൂടുതൽ ആക്കമേകാൻ നിർമലാ സീതാരാമൻ ബാദ്ധ്യസ്ഥയാണ് . ഉയർന്ന വളർച്ചാ പാതയിലേക്ക് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ഇതാണ് ഏക പോംവഴി .
അഞ്ച് ലക്ഷംകോടി ഡോളർ സമ്പദ് വ്യവസ്ഥ അതിവേഗം കൈവരിക്കാനുള്ള മോദിയുടെ ശ്രമം ഇന്ത്യ യാഥാർത്ഥ്യമാക്കാൻ ,രാജ്യം 89 ശതമാനം വളർച്ചയുടെ പാതയിലേക്ക് സുസ്ഥിരമായിത്തന്നെ മടങ്ങേണ്ടതുണ്ട്. ഇന്ത്യയിൽ സ്ഥാപനങ്ങൾ ആരംഭിക്കാൻ കൂടുതൽ വിദേശകമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയെ ആഗോള ഉത്പാദന കേന്ദ്രമാക്കി മാറ്റുന്നതിനും ആത്മനിർഭർ ഭാരതത്തിനു കീഴിൽ കൂടുതൽ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചാൽ മാത്രമേ ഇത് സാദ്ധ്യമാകൂ.
ജി.ഡി.പിയുടെ 15 ശതമാനം വരുന്ന മൂന്ന് ആത്മനിർഭർ ധനപാക്കേജുകൾ ഗവൺമെന്റ് പ്രഖ്യാപിച്ചതോടെയാണ് ഇതിലേക്കു വിത്തു പാകിയത്. 'മേക്ക് ഇൻ ഇന്ത്യ", ആത്മനിർഭർ ഭാരത് എന്നിവ ഒരേനാണയത്തിന്റെ രണ്ട് വശങ്ങളാണ്. 2014 ൽ അധികാരമേറ്റപ്പോൾ മുതൽ മോദിയുടെ സിദ്ധാന്തമാണിത്. സമ്പദ് വ്യവസ്ഥയിൽ ആവശ്യമായ ഇടം സൃഷ്ടിച്ചുകൊണ്ട് ഒന്നാം മോദി ഗവൺമെന്റ് ഇതിന് അടിത്തറയിട്ടു. ഉത്പാദനത്തിലും കാർഷിക മേഖലയിലും സമ്മർദ്ദം ചെലുത്തുന്നതിലൂടെ മാത്രമേ വളർച്ച കൈവരിക്കാനാകൂ എന്നതിനാൽ മഹാമാരിയും ആഗോള രാഷ്ട്രീയ സാഹചര്യവും 'ആത്മനിർഭർ ഭാരതിൽ ഒരു വലിയ മുന്നേറ്റത്തിന് കളമൊരുക്കി. ഐ.ടി ഹാർഡ് വെയർ നിർമ്മാണം ഒരു പ്രധാന അവസരം നൽകുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഈ ഹൈടെക് മേഖലയിലേക്ക് വരാനിരിക്കുന്ന ബഡ്ജറ്റിൽ കൂടുതൽ പ്രതീക്ഷിക്കാം.
അടിസ്ഥാന സൗകര്യ വികസനം
മഹാമാരിക്കാലത്തെ നിർബന്ധിത ലോക്ക്ഡൗണിനു ശേഷം സമ്പദ് വ്യവസ്ഥയെ മാറ്റിമറിക്കാൻ ആവശ്യമായ പൊതുചെലവ് വർദ്ധിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസനം പ്രധാനമാണ്. ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി, ഇന്ത്യയിൽ പ്രതിരോധ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുമെന്നും കൂടുതൽ മെട്രോ റെയിലുകൾക്ക് പുറമേ കൂടുതൽ ചരക്ക് ഇടനാഴികളും ബുള്ളറ്റ് ട്രെയിൻ പദ്ധതികളും ബഡ്ജറ്റിൽ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇത് തൊഴിലധിഷ്ഠിത നിർമാണ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കും. ഈ പൊതുചെലവ് കാരണം ദേശീയപാതകൾ, എക്സ്പ്രസ് ഹൈവേകൾ, വിമാനത്താവളം, തുറമുഖ വികസനങ്ങൾ എന്നിവയിൽ കൂടുതൽ നിക്ഷേപത്തിനും ഇടയാക്കും.
ആവശ്യം വർദ്ധിപ്പിക്കുക
ലോക്ക്ഡൗണിനും കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള സമ്പദ് വ്യവസ്ഥയുടെ പൊതുവായ മാന്ദ്യത്തിനും ശേഷം, കൂടുതൽ പണം ആളുകൾക്ക് ലഭ്യമാക്കിക്കൊണ്ട് ആവശ്യം വർദ്ധിപ്പിക്കുക എന്നതാണ് ഒരു വിഭാഗം സാമ്പത്തിക ശാസ്ത്രജ്ഞർ വാദിക്കുന്നത്. മഹാത്മാഗാന്ധിദേശിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂടെയും എം.എസ്.എം.ഇ മേഖലയെ പ്രചോദിപ്പിക്കുന്നതിന് നൽകിയ സാമ്പത്തിക ആനുകൂല്യങ്ങളിലൂടെയും ഗവൺമെന്റ് കൃത്യമായി ചെയ്തതുപോലെയാണ് ഇത് ചെയ്യേണ്ടത്. സമ്പദ് വ്യവസ്ഥയിലെ ഒരു പ്രധാന തൊഴിൽ സ്രഷ്ടാവാണ് കയറ്റുമതിയുടെ 40 ശതമാനവും ഉത്പാദനത്തിന്റെ 45 ശതമാനവുമുള്ള എംഎസ്എംഇ മേഖല. ദരിദ്രർ തങ്ങളുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ലോക്ക്ഡൗൺ സമയത്ത് ചെലവഴിച്ചതിനാൽ ഈ ഘട്ടത്തിൽ കൂടുതൽ പണം ആളുകളുടെ കൈയിൽ വയ്ക്കുക എന്നത് പൂർണമായും നടപ്പാകില്ല. ചെലവഴിക്കുന്നതിനെക്കാൾ കൂടുതൽ പണം അവരുടെ കൈകളിലേക്ക് നേരിട്ട് എത്തുന്നത് ഒരുപക്ഷേ, ആവശ്യങ്ങൾ പൂർത്തീകരിച്ചേക്കാം. അത്തരമൊരു സാഹചര്യത്തിൽ, മോദി ഗവൺമെന്റ് നേരത്തേ ചെയ്തതുപോലെ സൗജന്യ റേഷൻ ഭക്ഷ്യധാന്യങ്ങൾ, പാചക വാതകം, എം.ജി.എൻ.ആർ.ഇ.ജി.എയിലൂടെ കൂടുതൽ ഗ്രാമീണ ജോലികൾ എന്നിവയിലൂടെ മാനുഷിക പിന്തുണ നൽകുക എന്നതാണ് മെച്ചപ്പെട്ട മാർഗം. ഗ്രാമീണ ആവശ്യങ്ങൾ പൂർത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. കാർഷിക പരിഷ്കാരങ്ങളിലേക്കുള്ള കൂടുതൽ മുന്നേറ്റം ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും.
ധനക്കമ്മി
ഈ വർഷം ഇതിനകം 13 ശതമാനം ചെലവ് വർദ്ധിച്ചു. എന്നാൽ ഇത് 2020-21ൽ ഇന്ത്യയുടെ ധനക്കമ്മി ജി.ഡി.പിയുടെ 7.2 ശതമാനത്തിലേക്ക് ഉയർത്തും. സംസ്ഥാനങ്ങളും ധനക്കമ്മി ജി.ഡി.പിയുടെ നാല് ശതമാനത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യും. മൊത്തം വായ്പ ജി.ഡി.പിയുടെ 11 ശതമാനമായി ഉയരും. എന്നിരുന്നാലും, സർക്കാരിന് ഇപ്പോൾ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ നേട്ടം കുറഞ്ഞതോ ഗുണപരമോ ആയ കമ്മിയും ഉയർന്ന വിദേശനാണ്യ കരുതലുമുള്ളതിനാൽ ധനമന്ത്രി വിഷമിക്കേണ്ടതില്ല. ഉയർന്ന ധനക്കമ്മി നികത്താൻ ഇത് വളരെയധികം സാദ്ധ്യത നൽകുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കണ്ട പ്രതീക്ഷാ മുകുളങ്ങൾ 2021-22ൽ ഇരട്ട അക്ക വളർച്ചാ നിരക്കും ശക്തമായ നികുതി വരുമാന വളർച്ചയും ഉപയോഗിച്ച് സമ്പദ് വ്യവസ്ഥയെ തിരിച്ചുപിടിക്കാൻ സഹായിക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ ധനക്കമ്മി അഞ്ച് മുതൽ 5.5 ശതമാനമായി അടങ്ങിയിരിക്കുന്നതിനാൽ കുറഞ്ഞത് 10 ശതമാനമെങ്കിലും ചെലവ് വർദ്ധിപ്പിക്കാം. നികുതി വരുമാനം അടുത്ത വർഷം 18 ശതമാനത്തിലധികമാകും.
തൊഴിലവസരങ്ങൾ
ഉത്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹനങ്ങൾ ഓട്ടോ, സാങ്കേതിക ഉൾപ്പെടെയുള്ള മേഖലകളിലേക്ക് സ്വാശ്രയത്വം കൊണ്ടുവരുന്നത് ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് സാമ്പത്തിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെക്കാൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉതകുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ, വ്യവസായ നടത്തിപ്പ് അനായാസമാക്കുന്നത് ഇന്ത്യയിലെ എം.എസ്.എം.ഇ മേഖലയ്ക്ക് സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുകയും നവീനത വളർത്തുകയും നൈപുണ്യ വികസനം വർദ്ധിപ്പിക്കുകയും തൊഴിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഓരോ പ്രതിസന്ധിയും സ്വയം ഒരു അവസരംകൂടി നൽകുന്നുണ്ട്. 2014ൽ 'ഇന്ത്യയിൽ നിർമിക്കുക' എന്ന ആശയം പ്രഖ്യാപിച്ചപ്പോൾ, അത് ആശയം ജ്വലിപ്പിക്കുന്നതിൽ വിജയിച്ചു. ആ ആശയം പൂർണമായും നടപ്പിലാക്കാൻ ഉചിതമായ സമയമാണിത്. നിക്ഷേപകർക്കിടയിൽ വീറുറ്റ ചൈതന്യം പുനരുജ്ജീവിപ്പിക്കാൻ വരാനിരിക്കുന്ന ബഡ്ജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ വളരെയധികം കാര്യങ്ങൾ ഉൾപ്പെടുത്തും എന്നാണ് പ്രതീക്ഷ.
(ലേഖകൻ ദില്ലി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര
പത്രപ്രവർത്തകനാണ്)