തിരുവനന്തപുരം: കേരള സർവകലാശാലയുടെ സപ്ലിമെന്ററി പരീക്ഷയിൽ ക്രമവിരുദ്ധമായി മാർക്ക് രേഖപ്പെടുത്തിയ സംഭവത്തിൽ നടപടി സ്വീകരിച്ചതായി സർവകലാശാല
വ്യക്തമാക്കി .
പരീക്ഷാ കൺട്രോളറുടെയും പ്രോ-വൈസ് ചാൻസലറുടെയും പ്രാഥമികാന്വേഷണത്തിൽ, പരീക്ഷാ വിഭാഗത്തിലെ വിനോദെന്ന ഉദ്യോഗസ്ഥൻ നടത്തിയ ക്രമവിരുദ്ധ നടപടികൾ കണ്ടെത്തിയിട്ടുണ്ട്. കരിയർ റിലേറ്റഡ് പ്രോഗ്രാമുകളിൽ ഒന്നിന്റെ സപ്ലിമെന്ററി പരീക്ഷയിൽ തോറ്റുപോയ വിദ്യാർത്ഥികൾക്ക് മാർക്ക് കൂട്ടി നൽകുന്ന തിരുത്തലുകൾ ഇയാളുടെ ഐ.ഡി ഉപയോഗിച്ച് നടത്തിയതായി കണ്ടെത്തി. ഇയാളെ കഴിഞ്ഞ ദിവസം വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്യുകയും പൊലീസ് നടപടികൾക്ക് ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം തുടരന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുന്നതിന് വൈസ്ചാൻസലറോട് അഭ്യർത്ഥിച്ചു. മാർക്ക് തിരുത്തൽ സർവകലാശാല രഹസ്യമാക്കി വയ്ക്കുന്നുവെന്ന ആരോപണത്തിൽ യാതൊരടിസ്ഥാനവുമില്ല.
മാർക്ക് രേഖപ്പെടുത്തുന്നതിനും മാറ്റം വരുത്താനുമുള്ള അധികാരം സെക്ഷൻ ഓഫീസർക്ക് മാറ്റി നൽകിയിയെന്ന ആരോപണവും അടിസ്ഥാന രഹിതമാണ്. പരീക്ഷാ കൺട്രോളർ വരെയുള്ള ഉദ്യോഗസ്ഥരുടെ അനുവാദത്തോട് കൂടി മാത്രമേ മാർക്കിൽ ഭേദഗതികൾ വരുത്താനാകൂ.
സോഫ്റ്റ്‌വെയർ തകരാറു മൂലം മുമ്പ് ചില വിദ്യാർത്ഥികൾക്ക് അനധികൃതമായി ലഭിച്ച മോഡറേഷൻ പിൻവലിക്കാനും,വിദ്യാർത്ഥികളുടെ ഡിഗ്രി റദ്ദ് ചെയ്യാനും സിൻഡിക്കേറ്റും സെനറ്റും തീരുമാനിച്ചിട്ടുണ്ട്. ഇത് ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയുമാണ്.