gopu

കാട്ടാക്കട: എട്ടുരുത്തിയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 12 പവൻ മോഷ്ടിച്ചയാളെ കാട്ടാക്കട സി.ഐ ഡി. ബിജുകുമാറും സംഘവും അറസ്റ്റുചെയ്‌തു. നെടുമങ്ങാട് നഗരിക്കുന്ന് ചിറത്തലയ്ക്കൽ പുത്തൻവീട്ടിൽ വാളുഗോപു എന്ന ഗോപുവാണ് (36) അറസ്റ്റിലായത്. അരുണിമയിൽ ശ്രീജിത്തിന്റെ വീട്ടിലായിരുന്നു മോഷണം നടത്തിയത്. കഴിഞ്ഞ മാസം ജനുവരി നാല് മുതൽ ഏഴ് വരെ ശ്രീജിത്തും കുടുംബവും ടൂർ പോയിരുന്ന സമയത്തായിരുന്നു മോഷണം. വീടിന്റെ രണ്ടാം നിലയിൽ സൂക്ഷിച്ചിരുന്ന 12.5 പവൻ സ്വർണമാണ് നഷ്ടമായത്. ഇവർ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ രണ്ടാം നിലയിലെ വാതിൽ പൊളിച്ച് കള്ളൻ കയറിയവിവരം അറിയുന്നത്. തുടർന്ന് കാട്ടാക്കട പൊലീസിൽ പരാതി നൽകി. കാട്ടാക്കട പൊലീസും ഷാഡോ പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെ‌യ്‌തു.