തിരുവനന്തപുരം: അയിരൂരിൽ വീടാക്രമിക്കാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തേവാനം സ്വദേശികളായ സന്തോഷ് , കുഞ്ഞുമോൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് അയിരൂർ സി.ഐ പറഞ്ഞു. കൊല്ലപ്പെട്ട അയിരൂർ ചാരുംകുഴി ചരുവിളവീട്ടിൽ കൊച്ചുചെറുക്കന്റെ മകൻ കണ്ണനെന്ന രാജുവിന്റെ (35) മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് സംസ്കരിക്കും.
വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. അയിരൂരിൽ നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട രാജീവിന്റെ സംഘാംഗമാണ് കൊല്ലപ്പെട്ട രാജു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ രാജീവിനെ പിടികൂടാൻ പൊലീസിനെ സന്തോഷ് സഹായിച്ചുവെന്ന് ആരോപിച്ചുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. വ്യാഴാഴ്ച വൈകുന്നേരം സന്തോഷ് സുഹൃത്തിനൊപ്പം ബൈക്കിൽ വരുമ്പോൾ രാജീവിന്റെ സംഘത്തിൽപ്പെട്ടവർ അസഭ്യം പറഞ്ഞു. ആ യുവാവിനെ സന്തോഷും ഒപ്പമുണ്ടായിരുന്നയാളും താക്കീത് ചെയ്തു. ഇതിന് പകരം ചോദിക്കാൻ രാജുവും സംഘവും സന്തോഷിന്റെ വീട്ടിലെത്തി ആക്രമണം നടത്തുന്നതിനിടെയാണ് രാജുവിന് തലയ്ക്ക് അടിയും കുത്തുമേറ്റത്. അയിരൂർ പൊലീസെത്തി രാജുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സന്തോഷിന്റെ വീട് കയറി അക്രമിച്ചതിന് രാജുവിന്റെ കൂട്ടാളികളായ മിഥുൻ, വിനീത് എന്നിവരും പിടിയിലായിട്ടുണ്ട്. ഇവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.