v
മാലിന്യം തള്ളുന്നതിനെതിരെ പെരുമറ്റത്ത് സജ്ജമാക്കിയ വയലിൻ

മുട്ടം: 'ഈ പുഴയും തീരവും നമ്മുടെ ജീവനാണ്... മാലിന്യം വലിച്ചെറിയാതെ സൂക്ഷിക്കുക... മനസുപോലെ... പ്രകൃതി പ്രണയമാണ്..." തൊടുപുഴ- മൂലമറ്റം റോഡിൽ പെരുമറ്റത്തിനടുത്ത് സ്ഥാപിച്ചിരിക്കുന്ന ഈ ബോർഡ് ആരുടെയും ശ്രദ്ധയാകർഷിക്കും. ഇവിടെ മാലിന്യം വലിച്ചെറിയുന്നവർ ഇനി എത്ര കഠിന ഹൃദയരാണെങ്കിലും ഒരു നിമിഷം മടിക്കും. മൂവാറ്റുപുഴ സ്വദേശികളായ അനീഷ്, എൽദോസ്, റെജി എന്നീ പ്രകൃതി സ്നേഹികളാണ് ഈ ബോർഡ് ഇവിടെ സ്ഥാപിച്ചത്. ഒരു സംഘടനയുടെയും ബാനറിലല്ല ഇവർ ഈ സൽപ്രവൃത്തി ചെയ്തത്. വയലിനിന്റെ ആകൃതിയിലുള്ള ബോർഡിലാണ് പ്രകൃതിയെ മാലിന്യ മുക്തമാക്കേണ്ടതിന്റെ ആവശ്യകത പ്രണയവും കൂട്ടി ചേർത്ത് സാഹിത്യ ഭാഷയിൽ എഴുതി വെച്ചിട്ടുള്ളത്. മനോഹരമായ പുഴയോരം മാലിന്യം വലിച്ചെറിഞ്ഞ് നശിപ്പിക്കുന്നത് കാണുമ്പോൾ വലിയ വിഷമം തോന്നാറുണ്ടെന്നും അതു കൊണ്ടാണ് ഇങ്ങനെയൊരു ബോർഡ് വയ്ക്കാൻ തീരുമാനിച്ചതെന്നും ഈ മൂവർ സംഘം പറയുന്നു. ഇനിയെങ്കിലും മാലിന്യം വലിച്ചെറിയുന്നവരുടെ മനസ് മാറാൻ ഇവരുടെ പ്രവർത്തനം കൊണ്ട് കഴിയട്ടെയെന്ന് നാട്ടുകാരും പറയുന്നു.