മുട്ടം: വില്ലേജ് ഓഫീസ് പടിക്കൽ ബസ് സ്റ്റോപ്പ് അനുവദിച്ച് കളക്ടർ ഉത്തരവ് ഇറക്കിയെങ്കിലും തുടർ നടപടികൾ ചുവപ്പ് നാടയിൽ കുരുങ്ങി. റീജിണൽ ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാനായ കളക്ടറുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ മാർച്ച് 5 ന് ചേർന്ന യോഗത്തിലാണ് വില്ലേജ് ഓഫീസ് പടിക്കൽ ബസ് സ്റ്റോപ്പ് അനുവദിച്ചും ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാനും ഇടുക്കി ആർ ടി ഒ ക്ക് കളക്ടർ ഉത്തരവ് നൽകിയത്. ഉത്തരവ് നടപ്പിലാക്കുന്നതിന് വേണ്ടി ഇടുക്കി ആർ ടി ഒ തൊടുപുഴ ജോയിന്റ് ആർ ടി ഒ, മുട്ടം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് ഫയൽ കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ഒരു വർഷം ആകാറായിട്ടും കളക്ടറുടെ ഉത്തരവ് നടപ്പായില്ല. മുട്ടം, മൂലമറ്റം ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ വില്ലേജ് ഓഫീസ് പടിക്കൽ നിർത്താതെ ഏറെ ദൂരമുള്ള ശങ്കരപ്പള്ളി സ്റ്റോപ്പിൽ നിർത്തുന്നത് വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസിൽ എത്തുന്നവരെ ഏറെ കഷ്ടത്തിലാക്കുകയാണ്. വൃദ്ധർ, രോഗികൾ, അംഗ പരിമിതർ എന്നിവർക്കാണ് ഇത് ഏറെ ദുരിതമാകുന്നത്. പഞ്ചായത്തിന്റെ വിവിധ ഗ്രാമസഭകളിൽ ജനം വർഷങ്ങളായി ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന് വില്ലേജ് ഓഫീസറും തൊടുപുഴ ജോയിന്റ് ആർ ടി ഒ യും അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു കളക്ടറുടെ ഉത്തരവ്.