മുട്ടം: ജില്ലയിലെ വിവിധ അഗതി മന്ദിരങ്ങളിലുളള ആയിരത്തിൽപരം അന്തേവാസികൾക്ക് ഇന്നലെ ഉച്ചഭക്ഷണമായി ബിരിയാണി വിതരണം ചെയ്തു. ഫാ: ഡേവീസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ് , സാമൂഹ്യ നീതി വകുപ്പ്, വൈ എം സി എ എന്നിവ സംയുക്തമായി എല്ലാ മാസവും ഒന്നാം തിയതി സംസ്ഥാനത്തെ അഗതി മന്ദിരങ്ങളിൽ ഉച്ച ഭക്ഷണം നൽകുന്ന 'ഹംഗർ ഹണ്ട് ' പദ്ധതിയുടെ ഭാഗമായിട്ടാണ് ഭക്ഷണം വിതരണം ചെയ്തത്. മുട്ടം ജില്ലാ ജയിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജയിൽ അന്തേവാസികളാണ് ഭക്ഷണം പാകം ചെയ്തത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ജയിലിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ഷൈജ ജോമോൻ നിർവ്വഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കെ .ബിജു അദ്ധ്യക്ഷത വഹിച്ചു. ജയിൽ സൂപ്രണ്ട് ശിവദാസൻ, പഞ്ചായത്ത് മെമ്പർ അരുൺ പൂച്ചക്കുഴി, തൊടുപുഴ വൈ .എം .സി. എ പ്രസിഡന്റ് ഡോ: ഏലിയാസ് പോൾ, വൈ. എം .സി .എ മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് എം സി ജോയ്, സണ്ണി കൂട്ടുങ്കൽ എന്നിവർ സംസാരിച്ചു.