തൊടുപുഴ: മാസങ്ങളായി കാണാതിരുന്ന കൂട്ടുകാർ കണ്ടുമുട്ടിയപ്പോൾ എങ്ങനെ സന്തോഷം പ്രകടിപ്പിക്കുമെന്നറിയാതെ കുട്ടികൾ ആദ്യമൊന്ന് പകച്ചു, പിന്നെ കളിയായി, ചിരിയാതി., അവരുടെ ലോകമായി. കൊവിഡിനെത്തുടർന്ന് അടച്ചിട്ട സ്കൂളുകൾക്ക് ഇന്നലത്തെ പുതിയ അദ്ധ്യയന വർഷം നൽകിയത് വേറിട്ട അനുഭവങ്ങളായിരുന്നു. മാസ്ക്കും സാനിറ്റൈസറും സാമൂഹിക അകലവും അങ്ങനെ ഒരുപാട് കാര്യങ്ങൾ .... എല്ലാം പുതുമയുള്ളതായിരുന്നു. കൊവിഡ് ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതിനാൽ പരീക്ഷണാടിസ്ഥാനത്തിലാണ് പുതുവത്സര ദിനത്തിൽ വിദ്യാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത്. സി. ബി. എസ്. ഇ, ഉൾപ്പടെ പത്താംക്ളാസ് , പ്ളസ്ടു വിദ്യാർത്ഥികൾക്കാണ് ഇന്നലെ ക്ളാസ് ആരംഭിച്ചത്. വിദ്യാർത്ഥികളെ പല ബാച്ചായി തിരിച്ച് ഘട്ടം ഘട്ടമായി ക്ളാസ് ആരംഭിക്കുന്നതിനാൽ ഭാഗികമായി മാത്രമേ ഇന്നലെ ക്ളാസ് ആരംഭിച്ചുള്ളു. അതും ഓരോ ക്ളാസിലും പരിമിതമായ കുട്ടികളെ മാത്രം ഇരുത്തിയുള്ള പഠനം. മാസങ്ങളോളം വീടുകളിൽ തളയ്ക്കപ്പെട്ടതിന്റെ ആലസ്യവും കൂട്ടുകാരെ പിരിഞ്ഞിരുന്നതിന്റെ സങ്കടങ്ങളുമൊക്കെ ആദ്യ കൂടിക്കാഴ്ച്ചയിൽത്തന്നെ അലിഞ്ഞ്പോകുംവിധമായിരുന്നു ഇന്നലെ സ്കൂളുകളിൽ കണ്ട സ്നേഹപ്രകടനങ്ങൾ. എല്ലാവർക്കും പറയാൻ ഏറെയുണ്ടായിരുന്നു, കേൾക്കാനും. അതിനൊക്കെ തുടക്കമിടാനേ ഇന്നലെ സാധിച്ചുള്ള, കുട്ടികൾ സ്കൂളിൽ വരുന്നതിന് തന്നെ വ്യത്യസ്ഥ സമയങ്ങൾ ക്രമീകരിച്ചു. ക്ളാസ് അവസാനിക്കുമ്പോൾ സാധാരണ പോല ഇറങ്ങി ഓടുന്നതുൾപ്പടെയുള്ളവ അനുവദിച്ചില്ല. എല്ലാത്തിനും കൊവിഡ് മാനദണ്ഡങ്ങൾ മുറുകെപ്പിടിച്ചുള്ള നടപടിക്രമങ്ങൾ കർശനമായി പാലിച്ചു. പുതിയ അദ്ധ്യയന വർഷത്തിലേയ്ക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് സർക്കാർ നിർദ്ദേശിച്ച പ്രകാരം രക്ഷകർത്താവിന്റെ സമ്മതപത്രവുമായാണ് വിദ്യാർത്ഥികൾ എത്തിയത്. ഓൺലൈൻ ക്ളാസുകൾ നടന്നതിനാൽ പരീക്ഷകൾക്കായുള്ള റിവിഷനും വിദ്യാർത്ഥികൾക്ക് സംശയമുള്ള പാഠഭാഗങ്ങൾ വിശകലനം ചെയ്യുന്നതിനുമാണ് ഇന്നലെ പഠനത്തിൽ മുൻഗണന നൽകിയത്.