തൊടുപുഴ: ജില്ലാ കളക്ടർ എച്ച് ദിനേശന്റെ നേതൃത്വത്തിൽ തൊടുപുഴ താലൂക്കിലെ ഓൺലൈൻ പരാതി പരിഹാര അദാലത്തിൽ 36 പരാതികൾ പരിഹരിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ ഹാജരായിരുന്ന വിവിധ ജില്ലാതല ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്. അപേക്ഷകർ വില്ലേജ് ഓഫീസുകളിലും തൊടുപുഴ താലൂക്ക് ഓഫീസിലും ഹാജരായി വീഡിയോ കോൺഫറൻസ് വഴിയാണ് ജില്ലാ കളക്ടറുമായി സംവദിച്ചത്. എല്ലാ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസിലും വീഡിയോ കോൺഫറൻസിംഗ് സൗകര്യം ഒരുക്കിയിരുന്നു. ഗൂഗിൾ മീറ്റ് ലിങ്ക് വഴിയാണ് ഇത് സാദ്ധ്യമാക്കിയത്. കൂടാതെ തഹസീൽദാർമാരും വീഡിയോ കോൺഫറൻസ് വഴി ഇതിൽ പങ്കെടുത്തു. 49 പരാതികൾ വന്നതിൽ തൊടുപുഴ താലൂക്കിൽ ലഭിച്ച 25 പരാതികളും കുമാരമംഗലം, വണ്ണപ്പുറം, ഉടുമ്പന്നൂർ, മുട്ടം, കുടയത്തൂർ എന്നീ വില്ലേജ് ഓഫീസുകളിൽ ലഭിച്ച 11 പരാതികളും ഉൾപ്പെടുന്നു. തീർപ്പാകാതെ വന്ന 13 പരാതികൾ തുടർ നടപടിക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് കൈമാറി. തഹസിൽദാർ കെ.എംജോസുകുട്ടി, വി.ആർ.ചന്ദ്രൻപിള്ള, ഒ.എസ്.ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ പങ്കെടുത്തത്. എൻ.ഐ.സി., കേരളാ സ്റ്റേറ്റ് ഐ.റ്റി.മിഷൻ, റവന്യൂ ഐ.റ്റി.സെൽ എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയത്.