ചെറുതോണി: വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഗ്രൗണ്ട് പുനർനിർമ്മിക്കാൻ പുതിയ ജില്ലാ പഞ്ചായത്ത് ഭരണസമിതി തയ്യാറാകുമോയെന്നാണ് യുവജനങ്ങളുടെ ചോദ്യം . ഇടുക്കിയിലെ യുവജനങ്ങൾ ഫുട്‌ബോൾ, വോളിബോൾ ഉൾപ്പെടെയുള്ള കളികളും മറ്റ് കായിക പരിശീലനങ്ങളും നടത്തിയിരുന്നത് വാഴത്തോപ്പ് ഗ്രൗണ്ടിലായിരുന്നു. ഇടുക്കിയിൽ വിപുലമായി നടത്തിയിരുന്ന സമ്മേളനങ്ങൾ, ഇടുക്കി ഫെസ്റ്റ്, കലാകായിക മത്സരങ്ങൾ, ആഗസ്റ്റ് 15, ജനുവരി 26 എന്നീ ദിവസങ്ങളിലെ പരേഡ് സല്യൂട്ട് സ്വീകരിക്കൽ എന്നിവ ഈ ഗ്രൗണ്ടിലാണ് നടത്തിയിരുന്നത്. അത്യാവശ്യഘട്ടങ്ങളിൽ ഇടുക്കിയിൽ ഹെലികോപ്ടറെത്തുമ്പോൾ ഇറക്കിയിരുന്നതും ഈ ഗ്രൗണ്ടിലായിരുന്നു. ഇടുക്കിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്തിരുന്ന ഗ്രൗണ്ട് മുൻ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വലുതാക്കാനെന്ന പേരിൽ ഇടിച്ചുനിരത്തുകയായിരുന്നു. ആയിരക്കണക്കിനാളുകൾക്ക് നിൽക്കാനാകുമായിരുന്ന ഗ്രൗണ്ട് വെട്ടിമുറിച്ചതോടെ ചെറുതാവുകയും സ്‌കൂൾകെട്ടിടങ്ങൾ അപകട ഭീഷണിയിലാവുകയും ചെയ്തിരുന്നു. ഇതോടെ പരേഡുകളും മറ്റു മത്സരങ്ങളും ഇവിടെ നിന്ന് ഇടുക്കിയിലുള്ള ഗ്രൗണ്ടിലേക്കുമാറ്റി. ഗ്രൗണ്ട് ചെറുതാക്കിയതോടെ കുട്ടികളുടെയും യുവജനങ്ങളുടെയും കായിക പരിശീലനം മുടങ്ങുകയും ചെയ്തു. ഗ്രൗണ്ട് വെട്ടിമുറിച്ചതിന് 25 ലക്ഷത്തോളം രൂപ മാറിയെടുത്തതായി യുവജനങ്ങൾ ആരോപിക്കുന്നു. ഇതിനുശേഷം പത്തുവർഷത്തോള മായി ഗ്രൗണ്ടിന്റെ പണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് എം.പി, എം.എൽ.എ, ത്രിതല പഞ്ചായത്തു പ്രതിനിധികൾ എന്നിവർക്ക് സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികൾ, യുവജന സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ നിവേദനങ്ങൾ നൽകിയിരുന്നു. പത്തുവർഷം കഴിഞ്ഞിട്ടും ഇതുവരെയാരും നടപടിയെടുത്തില്ല. ഈ തിരഞ്ഞെടുപ്പിൽ ഈ സ്‌കൂളിലെ തന്നെ പൂർവ്വവിദ്യാർത്ഥിയായിരുന്ന കെ.ജി സത്യനോട് ഗ്രൗണ്ട് നിർമ്മിക്കണമെന്നാവശ്യമുന്നയിച്ചിരുന്നു. ഗ്രൗണ്ട് പുനർനിർമിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി. സത്യൻ പറഞ്ഞു. ഇതിനായി സഹപ്രവർത്തകരുടെ സഹകരണത്തോടെ ഫണ്ട് അനുവദിക്കുന്നതിന് ജില്ലാപഞ്ചായത്ത് കമ്മിറ്റിയിൽ ആവശ്യമുന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ വാഴത്തോപ്പ് സ്‌കൂളിന്റെ ഗ്രൗണ്ട് പുനർനിർമ്മിക്കുമെന്ന പ്രതീഷയിലാണ് യുവജനങ്ങൾ.