തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ കാർഷിക മേള നാളെ മുതൽ ഏഴു വരെ ന്യൂമാൻ കോളേജ് ആഡിറ്റോറിയത്തിൽ നടക്കും. കേരളം ഉൾപ്പെടെയുള്ള പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യം എന്നതാണ് മേളയുടെ മുഖ്യ പ്രമേയം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്. രാവിലെ 10ന് സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം കേരള ബയോഡൈവേഴ്സിറ്റി ബോർഡ് മുൻ ചെയർമാൻ ഡോ. ഉമ്മൻ വി. ഉമ്മൻ ഉദ്ഘാടനം ചെയ്യും. കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണവും ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണവും നടത്തും. കേരള കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.വി. പീറ്റർ, മോൻസ് ജോസഫ് എം.എൽ.എ എന്നിവർ സംസാരിക്കും. ആറിന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം സിനിമാതാരം മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഏഴിന് കോലാനി - വെങ്ങല്ലൂർ ബൈപാസിനു സമീപം രാവിലെ 8.30 മുതൽ കാലിപ്രദർശനവും മത്സരവും നടക്കും. മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു സമ്മാന വിതരണം നടത്തും.