saneesh
തൊടുപുഴ കർഷക പ്രക്ഷോഭ ഐക്യദാർഢ്യ കേന്ദ്രത്തിലെ 24-ാം ദിന സമരം ബഹു. മുനി. ചെയർമാൻ സതീഷ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: ചലോ ദില്ലി കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകാൻ ചെറിയ തോതിൽ തൊടുപുഴയിൽ ആരംഭിച്ച കർഷകപ്രക്ഷോഭ ഐക്യദാർഢ്യ കേന്ദ്രത്തിന് പിന്തുണയേറി. കക്ഷി രാഷ്ട്രീയത്തിനും ജാതി- മത- സങ്കുചിത ചിന്തകൾക്കുമതീതമായി എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യദാർഢ്യ കേന്ദ്രമായി ഇതുമാറി. ഐക്യദാർഢ്യ കേന്ദ്രത്തിലെ 24-ാം ദിനസമരം തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ‌ജോർജ് ഉദ്ഘാടനം ചെയ്തു. കർഷക സമരത്തെ പിന്തുണയ്ക്കേണ്ടത് മുഴുവൻ ജനങ്ങളുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. കൺവീനർ ജയിംസ് കോലാനിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് ചെയർപേഴ്സൺ ജെസി ജോണി മുഖ്യപ്രഭാഷണം നടത്തി.
ആൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി തയ്യാറാക്കിയ കർഷകസമരം വിജയിക്കുന്നതുവരെ പോരാടുമെന്ന പ്രതിജ്ഞ രാജ്യത്തെ ലക്ഷക്കണക്കിന് കേന്ദ്രങ്ങളോടൊപ്പം തൊടുപുഴയിലും നടപ്പിലാക്കി. ജനറൽ കൺവീനർ എൻ. വിനോദ്കുമാർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ടി.ജെ. പീറ്റർ, കെ.എം. സാബു, സിബി സി. മാത്യു, ബാബു മഞ്ഞള്ളൂർ, ടി.പി. കുഞ്ഞച്ചൻ, പി.സി. ജോളി, അഡ്വ. പാർത്ഥസാരത്ഥി എന്നിവർ പ്രസംഗിച്ചു.