ഇടവെട്ടി: കേന്ദ്ര യുവജനക്ഷേമ സ്പോർട്സ് മന്ത്രാലയം നെഹ്രു യുവകേന്ദ്ര നൽകുന്ന മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള 2019​-20 വർഷത്തെ അവാർഡിനായി ഇടവെട്ടി പ്രണവം ക്ളബിനെ തിരഞ്ഞെടുത്തു. ആരോഗ്യം,​ ശുചിത്വം,​ പ്രകൃതി സംരക്ഷണം,​ സാക്ഷരതാ,​ തൊഴിൽ പരിശീലനം,​ സാമൂഹിക ബോധവത്കരണം,​ കലാകായിക സാംസ്കാരിക പരിപാടികൾ തുടങ്ങിയവയിൽ സംഘടിപ്പിച്ച മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനായി പരിഗണിച്ചത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആന്റണി സ്കറിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവാർഡ് നിർണയ സമിതിയാണ് മികച്ച സംഘടനയെ തിരഞ്ഞെടുത്തത്. ഇടവെട്ടി പ്രണവം ക്ളബിന് നെഹ്രു യുവകേന്ദ്രയുടെ 25000 രൂപയുടെ ക്യാഷ് അവാ‌ർഡും പ്രശസ്തി പത്രവും ഫലകവും 12 ന് വിതരണം ചെയ്യുമെന്ന് ജില്ലാ യൂത്ത് ഓഫീസർ കെ. ഹരിലാൽ അറിയിച്ചു.