ഇടുക്കി: കൊവിഡ് വാക്സിൻ സ്വീകരിക്കാൻ ഇടുക്കി റെഡി. ഇന്നലെ
കൊവിഡ് വാക്‌സിൻ എത്തുന്നതിന് മുന്നോടിയായി നടത്തിയ ഡ്രൈ റൺ ഇടുക്കിയിൽ വിജയകരമായിരുന്നു. വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തിരഞ്ഞെടുത്ത 25 ആരോഗ്യ പ്രവർത്തകർക്കാണ് മാതൃകാ പരീക്ഷണ ം നടത്തിയത്. വാക്‌സിനേഷൻ എത്തി കഴിയുമ്പോൾ നടത്തേണ്ട പ്രവർത്തനത്തിന്റെ മോക്ഡ്രില്ലാണ് ഇന്നലെ നടത്തിയത്. രാവിലെ ഒമ്പതുമുതൽ 11 വരെയായിരുന്നു ഡ്രൈ റൺ. വാക്‌സിനേഷനായി ഓൺലൈനായി രജിസ്റ്റർ ചെയ്ത വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യവകുപ്പ് ജീവനക്കാർ, ആശ പ്രവർത്തകർ എന്നിവർക്കാണ് രണ്ടു മണിക്കൂറിനകം കുത്തിവയ്പ്പ് നടത്താൻ കഴിയുമോയെന്ന് പരിശോധിച്ചത്. പ്രതീക്ഷിച്ച സമയത്തുതന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു. പ്രവേശനം, ഡാറ്റാ എൻട്രി, കൃത്യത പരിശോധിക്കൽ, വാക്‌സിൻ നൽകൽ, നിരീക്ഷണ മുറി തുടങ്ങിയവയുടെ മാതൃകകളാണ് സജ്ജമാക്കിയിരുന്നത്. വാക്‌സിൻ ക്രമീകരണം, സൂക്ഷിക്കൽ, വിതരണം എന്നിവയെക്കുറിച്ചു ധാരണയുണ്ടാക്കുന്നതിന് വാക്‌സിൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ടാസ്‌ക് ഫോഴ്‌സിന്റെ അടുത്ത യോഗം എട്ടിനു ചേരും. പോളിയോ വാക്‌സീൻ നൽകുന്നതിനുൾപ്പെടെ ജില്ലയിൽ മികച്ച ആരോഗ്യനെറ്റ് വർക്ക് നിലവിലുണ്ട്. ഇത് കുറ്റമറ്റ രീതിയിൽ പുനഃക്രമീകരിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡിറ്റാജ് ജോസഫ്, ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സുജിത് സുകുമാരൻ, ആർ.സി.എച്ച് ഓഫീസർ ഡോ. എം. സുരേഷ് വർഗീസ്, മാസ് മീഡിയ ഓഫീസർ അനിൽ കുമാർ, മെഡിക്കൽ ഓഫീസർ ഡോ. സിബി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
ഡ്രൈറൺ മൂന്ന് ഘട്ടങ്ങളായി
1. വാക്‌സിൻ എടുക്കാനെത്തിയവർ അകലംപാലിച്ച് കാത്തുനിൽക്കുന്നു. ഇവരെ ആരോഗ്യപ്രവർത്തകർ പരിശോധിക്കും
2. ഓൺലൈൻ രജിസ്‌ട്രർ ചെയ്തത് ശരിയായിട്ടാണോയെന്ന് രണ്ടാമത്തെ റൂമിലെ വാക്‌സിനേഷൻ ഓഫീസർ പരിശോധന നടത്തുന്നു. മൂന്നാമത്തെ മുറിയിൽ ഐ.ഡി ഉൾപ്പെടെയുള്ള വിവരങ്ങൾ വാക്‌സിനേഷന് തയ്യാറാക്കിയിട്ടുള്ള കൊവിൻ എന്ന മൊബൈൽ ആപ്പിൽ ശേഖരിക്കും. തുടർന്ന് കുത്തിവയ്പ്പ്.
3. കുത്തിവയ്പ് എടുത്തവരെ അടുത്ത മുറിയിൽ അരമണിക്കൂർ നീരീക്ഷണത്തിലിരുത്തിയ ശേഷം പറഞ്ഞുവിടും. നിരീക്ഷിക്കാൻ ഒരു വാക്‌സിനേഷൻ ഓഫീസറുണ്ടാകും. അസ്വസ്ഥതയുണ്ടെങ്കിൽ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലൻസ് റെഡി.
സജ്ജമെന്ന് കളക്ടർ
ആദിവാസി മേഖലകളിലടക്കം ജില്ലയിലെ എല്ലാ മേഖലകളിലും വാക്‌സിൻ വിതരണത്തിന് സജ്ജമാണ്. ജില്ലയിൽ ഏഴു ആരോഗ്യ ബ്ലോക്കുകളിലായി വാക്‌സിൻ സൂക്ഷിക്കുന്നതിനുള്ള 60 ശീതീകരണ സംവിധാനമുള്ള കേന്ദ്രങ്ങളുണ്ട്. ഇടമലക്കുടിയിൽ ഉൾപ്പെടെ 328 വിതരണ കേന്ദ്രങ്ങളുമുണ്ട്. ഏഴായിരത്തോളം ഗുണഭോക്താക്കൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, എന്നിവർക്ക് ആദ്യഘട്ടത്തിൽ തന്നെ വാക്‌സീൻ നൽകും.
- ജില്ലാ കളക്ടർ എച്ച്. ദിനേശൻ