തൊടുപുഴ: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം ടി.എം. മക്കാറിന്റെ മകനും എസ്.ടി.യു കുമാരമംഗലം മേഖല ഭാരവാഹിയുമായിരുന്ന ടി.എം മീരാൻപിള്ളയടക്കം 51 പേർ സി.പി. എമ്മിൽ ചേർന്നു. ഏഴല്ലൂർ പ്ലാന്റേഷൻ മേഖലയിലെ കോൺഗ്രസ്, ലീഗ് രാഷ്ട്രീയം ഉപേക്ഷിച്ച് സി.പി. എമ്മിലേക്ക് എത്തിയ 51 പേർക്കും സി.പി. എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ സ്വീകരണം നൽകി. തദ്ദേശ തിരഞ്ഞടുപ്പിലടക്കം കോൺഗ്രസ് ബി.ജെ.പിയുമായി സഖ്യം ചേരുന്ന സ്ഥിതിയാണ് കേരളത്തിൽ ഉള്ളതെന്നും ഇതിന് ബദൽ ഇടതുപക്ഷമാണെന്നും പുതിയതായി പാർട്ടിയിൽ ചേർന്നവർ പറഞ്ഞു. ഏഴല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ. ബി റ്റിബി അദ്ധ്യക്ഷനായി. സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം കെ. പി. മേരി, തൊടുപുഴ ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം നീതുമോൾ ഫ്രാൻസിസ്, കുമാരമംഗലം പഞ്ചായത്ത് അംഗം ശരത് ബാബു എന്നിവർ പങ്കെടുത്തു. ഏരിയാ കമ്മിറ്റിയംഗം വി.ടി. പാപ്പച്ചൻ സ്വാഗതവും എം.എം. റഷീദ് നന്ദിയും പറഞ്ഞു.