കുടയത്തൂർ: മലങ്കര അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ ശരംകുത്തി അമ്പലത്തിന് സമീപം താമസിക്കുന്ന കിഴക്കേത്തുവയലിൽ സുമതി തങ്കപ്പന്റെ വീട്ടിൽ വെള്ളം കയറി. അണക്കെട്ടിൽ പരിശോധന നടക്കുന്നതിനാൽ പരമാവധി സംഭരണ ശേഷിയായ 42 മീറ്റർ ജലനിരപ്പ് ഉയർത്തിയ സാഹചര്യത്തിലാണ് വീട്ടിൽ വെള്ളം കയറിയത്. സുമതി തങ്കപ്പനും മകൾ പൗർണമിയും പൗർണമിയുടെ മകൻ സച്ചിതാനന്ദനുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഇത്തരത്തിൽ മഴക്കാലത്തോ അല്ലാതെയോ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നാൽ ഇവരുടെ വീട്ടിലും വെള്ളം കയറുന്നത് പതിവാണ്. മുട്ടൊപ്പം വെള്ളമാണ് ഇന്നലെ വീടിനുള്ളിൽ ഉണ്ടായിരുന്നത്. മണ്ണ് ഇഷ്ടികയിൽ പണിതിട്ടുള്ള വീട്ടിലെ താമസം സുരക്ഷിതമല്ലാത്തതിനാൽ ഇന്നലെ വൈകിട്ട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ,​ വാർ‌ഡ് മെമ്പർ ജോസഫ്,​ പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ ശരംകുത്തിയിലെ വാടക വീട്ടിലേക്ക് താത്കാലികമായി മാറ്റി പാർപ്പിച്ചു. പട്ടയമില്ലാത്ത ഭൂമിയിൽ കുടയത്തൂർ പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് നൽകിയ കൈവശാവകാശ രേഖയുടെ പിൻബലത്തിലാണ് ഈ വീട്ടിൽ കുടുബം അന്തിയുറങ്ങിയിരുന്നത്. മണ്ണ് ഇഷ്ടിക ഉപയോഗിച്ച് നിർമ്മിച്ച വീടായതിനാൽ ഉള്ളിൽ വെള്ളം തളം കെട്ടി നിന്നാൽ എപ്പോൾ വേണമെങ്കിലും വീട് നിലം പതിക്കാം. പട്ടയം ഇല്ലാത്തതിനാൽ പഞ്ചായത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഒന്നും ഇവർക്ക് കിട്ടുന്നുമില്ല. എങ്കിലും പഞ്ചായത്തിൽ നിന്ന് വീട്ടുനമ്പർ നൽകിയിട്ടുമുണ്ട്. എന്നാൽ ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളുടേയോ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയോ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ഈ കുടുംബത്തിന് വാസയോഗ്യമായ സ്ഥലവും വീടും നൽകാൻ അധികൃതർ ആരും തയ്യാറാകുന്നുമില്ല.