തൊടുപുഴ: സി.പി.ഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള വാഗമൺ വട്ടപ്പതലാലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ സ്ത്രീകളടക്കം അറുതോളം പേർ പങ്കെടുത്ത നിശാ പാർട്ടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും. കൊച്ചി സ്വദേശിയും നടിയുമായ ബ്രെസ്റ്റി വിശ്വാസ് ഒഴികെയുള്ള എട്ട് പ്രതികളെ ക്രൈംബ്രാഞ്ച് ഇന്നലെ നാർകോട്ടിക്‌സ് കോടതി കസ്റ്റഡിയിൽ വിട്ടു. ഞായറാഴ്ച രാത്രി വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസ് പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്യുകയുണ്ടായി. തുടർന്ന് വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് പബ്ലിക് പ്രോസിക്യൂട്ടർ ബി.രാജേഷ് മുഖേന അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി. മധു കസ്റ്റഡി അപേക്ഷ നൽകുകയായിരുന്നു. ശനിയാഴ്ച പ്രതികളെ വീണ്ടും ഹാജരാക്കാൻ കോടതി നിർദേശിച്ചു. പ്രതികളെ ഹാജരാക്കിയതിന് ശേഷം കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കൂ .
നിശാലഹരി പാർട്ടി നടക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് ഇടുക്കി അഡീഷണൽ എസ്.പി എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ 20 രാത്രി നടത്തിയ റെയ്ഡിലാണ് എൽ.എസ്.ഡി സ്റ്റാമ്പ്, ഹാഷിഷ്, ലഹരി ഗുളിക, ലഹരി മരുന്ന്, കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ വൻ ശേഖരം പിടിച്ചെടുത്തത്. ഒരു സ്ത്രീയടക്കം ഒമ്പത് പേരാണ് അറസ്റ്റിലായത്. സ്ത്രീയുടെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. 24 സ്ത്രീകളടക്കം 61 പേരാണ് നിശാപാർട്ടിക്ക് ഇവിടെയെത്തിയത്. മറ്റുള്ളവരെ വിവരങ്ങൾ ശേഖരിച്ച ശേഷം പിറ്റേന്ന് തന്നെ വിട്ടയച്ചു. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഇവരെല്ലാം സുഹൃത്തുക്കളാണ്.