വാഗമൺ: ദമ്പതികളെ കൈയേറ്റം ചെയ്ത സംഭവത്തിൽ പിടിയിലായ യുവാക്കൾക്ക് ദമ്പതികൾ മാപ്പു നൽകി. ഇതെതുടർന്ന് യുവാക്കളെ പൊലീസ് താക്കീതു നൽകി വിട്ടയച്ചു. പാലാ സ്വദേശികളായ ദമ്പതികൾ വാഗമൺ സന്ദർശനത്തിനു ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ദമ്പതികളെ അസഭ്യം വിളിച്ചതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം. അസഭ്യംവിളിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് സംഘംചേർന്ന് ദമ്പതികളെ കൈയേറ്റം ചെയ്തതായാണ് പരാതി. സംഭവത്തിൽ ആലപ്പുഴ സ്വദേശികളായ ആറു യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. വിദേശത്ത് ഉൾപ്പെടെ പോകാനുണ്ടെന്ന് പറയുകയും കുറ്റം സമ്മതിച്ച് മാപ്പുചോദിക്കുകയും ചെയ്തപ്പോൾ യുവാക്കളോട് ദമ്പതികൾ ക്ഷമിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് ഇവരെ താക്കീതുനൽകി വിട്ടയച്ചത്. കൈയേറ്റത്തിൽ പരിക്കേറ്റ ദമ്പതികൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.