തൊടുപുഴ: ജില്ലയിലെ പുകപരിശോധന കേന്ദ്രങ്ങൾ എല്ലാം മോട്ടോർ വാഹന വകുപ്പിന്റെ 'എം പരിവാഹൻ' സൈറ്റുമായി ഓൺലൈൻ ബന്ധത്തിലായി. ഇനി മുതൽ പുകപരിശോധന യന്ത്രങ്ങളിൽ നിന്നുള്ള ഫലം വെബ്‌സൈറ്റിലേക്കാണ് എത്തുന്നത്. ഇതോടെ പരിശോധനാഫലത്തിൽ തിരുത്തലുകൾക്കും ക്രക്കേടുകൾക്കും അവസരം ലഭിക്കില്ല. എം പരിവാഹൻ മൊബൈൽ ആപ്പിലാണ് രേഖകൾ ശേഖരിക്കപ്പെടുന്നത്. പരിവാഹൻ സൈറ്റിൽ വാഹന നമ്പർ അടിച്ച് പ്രവേശിക്കണം. തുടർന്ന് ഉടമയുടെ ഫോൺ നമ്പർ നൽകിയാൽ രജിസ്‌ട്രേഷൻ വിവരങ്ങൾക്കൊപ്പം പുകപരിശോധന ഫലവും ചേർക്കപ്പെടും. പുകശല്യമില്ലെങ്കിൽ മാത്രമേ വാഹൻ സൈറ്റിൽ പുകപരിശോധന സർട്ടിഫിക്കറ്റ് ചേർക്കപ്പെടൂ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ ചില വാഹനങ്ങൾ പുക പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. അന്തരീക്ഷ മലിനീകരണ തോത് ഏറെയുള്ള ഡീസൽ വാഹനങ്ങളാണ് പുതിയ സമ്പ്രദായത്തിലെ പുക പരിശോധനയിൽ പരാജയപ്പെടുന്നതിൽ ഏറെയും. 2017 ഏപ്രിൽ ഒന്നിന് ശേഷമുള്ള വാഹനങ്ങളുടെ പുക സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വർഷമാണ്.
പുക സർട്ടിഫിക്കറ്റും ഡിജിറ്റൽ ഡോക്യുമെന്റായായതോടെ വാഹന ഉടമകൾക്ക് പരിശോധന സമയത്ത് എം പരിവാഹൻ സൈറ്റിലൂടെ മുഴുവൻ രേഖകളും ഉദ്യോഗസ്ഥരെ കാണിക്കാനാവും.
സർട്ടിഫിക്കറ്റില്ലെങ്കിൽ 'കട്ടപൊക"
പുക സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ ഉദ്യോഗസ്ഥർക്ക് ഓൺലൈനിലൂടെ കണ്ടെത്താം. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ചുള്ള പരിശോധനയിൽ ഈ വിവരങ്ങൾ ലഭിക്കും. പരിശോധനാഫലം മാത്രമാണ് ഇപ്പോൾ 'വാഹനി'ൽ ശേഖരിക്കുന്നത്. രണ്ടാംഘട്ടത്തിൽ പരിശോധനയുടെ നിലവാരവും ഉറപ്പുവരുത്തും. പുക പരിശോധനകേന്ദ്രങ്ങളിലെ യന്ത്രസംവിധാനങ്ങളുടെയും സോഫ്‌റ്റ് വെയറിന്റെയും നിലവാരം വിലയിരുത്തും. ഇതോടെ ക്രമക്കേടിനുള്ള അവസരം പൂർണമായും ഇല്ലാതാകും.
നിരക്ക് ഇങ്ങനെ
പെട്രോൾ വാഹനങ്ങൾ
ടൂ വീലർ........60
ത്രീവീലർ......80
ഫോർ വീലർ....100
ഡീസൽ വാഹനങ്ങൾ
ടു വീലർ........80
ത്രീവീലർ......90
ഫോർ വീലർ....110
ഹെവി വെഹിക്കിൾ.....150
''രണ്ടാഴ്ചയായി ജില്ലയിൽ പൂർണമായി ഓൺലൈൻ സംവിധാനത്തിലൂടെയാണ് പുക പരിശോധന നടത്തുന്നത്. എം പരിവാഹനിൽ വണ്ടി നമ്പരും വാഹന ഉടമയുടെ മൊബൈൽ നമ്പരും എന്റർ ചെയ്ത് പരിശോധന വിവരങ്ങൾ അപ്ലോഡ് ചെയ്താൽ മതി. ഇത് കൃത്യവും സുതാര്യവുമാണ്. നേരത്തെ ചെയ്തിരുന്ന പല ക്രമക്കേടുകളും ഇതോടെ ഇല്ലാതായി.""
-ആർ. രമണൻ (ഇടുക്കി ആർ.ടി.ഒ)