road
ഇടുക്കി മെഡിക്കൽ കോളേജ് റോഡ് തകർന്ന നിലയിൽ

ചെറുതോണി: ഫണ്ട് അനുവദിച്ചിട്ടും ഇടുക്കി മെഡിക്കൽ കോളേജിലേക്കുള്ള റോഡ് നന്നാക്കാത്തതിൽ വ്യാപക പ്രതിഷേധം. രോഗികളടക്കം ആയിരങ്ങളാണ് റോഡ് നന്നാക്കാത്തതിനാൽ ബുദ്ധിമുട്ടുന്നത്. മെഡിക്കൽ കോളേജ് റോഡിന്റെ കവാടത്തിൽ നിന്ന് 150 മീറ്റർ മികച്ച രീതിയിൽ ടാറിംഗ് നടത്തണമെന്ന ആവശ്യവുമായി യുവജന സന്നദ്ധ സംഘടനകൾ രംഗത്ത് വന്നതിനെ തുടർന്ന് റോഷി അഗസ്റ്റ്യൻ എം.എൽ.എ 10 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചിരുന്നു. തുകയനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് റോഡ് നന്നാക്കാൻ നടപടിയെടുക്കുന്നില്ല. ഈ റോഡിലൂടെ ദിവസവും നൂറ് കണക്കിന് രോഗികളാണ് മെഡിക്കൽ കോളേജിലേക്ക് എത്തുന്നത്. 90 ശതമാനം പേരും ആട്ടോറിക്ഷയെയാണ് ആശ്രയിക്കുന്നത്. റോഡിന്റെ മദ്ധ്യഭാഗത്തായി മണ്ണിടിഞ്ഞുതാഴ്ന്ന് അപകടാവസ്ഥയിലുമാണ്. അടിയന്തര ഘട്ടത്തിൽ ആംബുലൻസുകൾ ഇവിടേക്കെത്താനും റഫർ ചെയ്യുന്ന രോഗികളെ കൊണ്ടു പോകാനും ഈ വഴിമാത്രമാണ് ആശ്രയം. ആശുപത്രിയിൽ നിന്ന് പുറത്തേക്കും ഒപ്പം ആശുപത്രിയിലേക്കും എത്തുന്ന വാഹനങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ഒരേ സമയം കടന്ന് പോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി യാത്ര ചെയ്യുമ്പോൾ റോഡിൽ നിലവിലുള്ള കുഴിയും അപകടാവസ്ഥയിലുള്ള വഴിയിടിഞ്ഞ് താഴ്ന്ന ഭാഗവും വൻ ഭീക്ഷണി ഉയർത്തുന്നുണ്ട്. നിലവിൽ തകർന്ന് കിടക്കുന്ന 150 മീറ്റർ റോഡ് ഏറ്റവും നിലവാരമുള്ള രീതിയിൽ ഉടൻ ടാറിംഗ് പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ വൻ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് നാട്ടുകാരറിയിച്ചു.

വഴിയിൽ മലിനജലം

ആശുപത്രിയിൽ നിന്ന് റോഡിലേക്ക് ഒഴുകി വരുന്ന മലിനജലം ഈ വഴിയിലാണ് കെട്ടിക്കിടക്കുന്നത്. ഇത് പകർച്ചവ്യാധികളുണ്ടാകുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുമെന്ന ആശങ്കയുമുണ്ട്.