തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ കാർഷിക മേള ഇന്ന് മുതൽ ഏഴു വരെ ന്യൂമാൻ കോളേജ് ആഡിറ്റോറിയത്തിൽ നടക്കും. കേരളം ഉൾപ്പെടെയുള്ള പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യം എന്നതാണ് മേളയുടെ മുഖ്യ പ്രമേയം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്. രാവിലെ 10ന് സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം കേരള ബയോഡൈവേഴ്‌സിറ്റി ബോർഡ് മുൻ ചെയർമാൻ ഡോ. ഉമ്മൻ വി. ഉമ്മൻ ഉദ്ഘാടനം ചെയ്യും. കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണവും ഡീൻ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണവും നടത്തും. കേരള കാർഷിക സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.വി. പീറ്റർ, മോൻസ് ജോസഫ് എം.എൽ.എ എന്നിവർ സംസാരിക്കും. ഉച്ചകഴിഞ്ഞ് 2.30 മുതൽ നടക്കുന്ന സെമിനാറിൽ മുൻ എം.പി കെ. ഫ്രാൻസിസ് ജോർജ്, ഡോ. സി. കുഞ്ഞിക്കണ്ണൻ (ഡയറക്ടർ, ഐ.എഫ്.ജി.ടി.ബി കോയമ്പത്തൂർ), ഡോ. മാത്യു ഡാൻ (സീനിയർ സയന്റിസ്റ്റ്, ടി.ബി.ജി.ആർ.ഐ,​ പാലോട്), ഡോ. സ്റ്റീഫൻ ചേരിയിൽ (ഡയറക്ടർ, സി.എം.ആർ.എ,​ വാഗമൺ), ഡോ. കെ.ബി. രമേശ് കുമാർ, ഡോ. സാബു ഡി. മാത്യു, ഡോ, ജിജി കെ. ജോസഫ് എന്നിവർ സംസാരിക്കും. നാളെ ഉച്ചകഴിഞ്ഞ് 2.30 മുതൽ കാഡ്‌സ് ആഡിറ്റോറിയത്തിൽ തെങ്ങും ഇടവിളകളും സെമിനാറിന്റെ ഉദ്ഘാടനം അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് നിർവ്വഹിക്കും. എം.ജി. യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് അദ്ധ്യക്ഷത വഹിക്കും. സി.പി.സി.ആർ.ഐ. ഡയറക്ടർ അനിത കരുൺ, ഡോ. റെജി ജേക്കബ് തോമസ് (സി.പി.സി.ആർ.ഐ), ഡോ. പി.ഡി. പുഷ്പലത (പ്രൊഫസർ & ഹെഡ്, കണ്ണാറ വാഴ ഗവേഷണ കേന്ദ്രം), ഡോ. സി.ജി.സുജ (സി.ടി.സി.ആർ.ഐ) എന്നിവർ പങ്കെടുക്കും.
ആറിന് രാവിലെ 10.30 മുതൽ ഇടുക്കി ജില്ലയിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സംഗമം- അധികാര വികേന്ദ്രീകരണവും കാർഷിക വികസനത്തിൽ ജനപ്രതിനിധികൾക്കുള്ള പങ്കും സെമിനാറിന്റെ ഉദ്ഘാടനം റബ്ബർ ബോർഡ് മുൻ ചെയർമാൻ പി.സി. സിറിയക് നിർവഹിക്കും. സാമ്പത്തിക വിദഗ്ദ്ധ ഡോ. മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തും. തുടർന്നുള്ള ചർച്ചയിൽ കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ മുഖ്യാതിഥി ആയിരിക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം സിനിമാതാരം മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.