തൊടുപുഴ: കുരുതിക്കളത്തിന് സമീപം തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയോരത്ത് റോഡിന്റെ നടുഭാഗത്തുണ്ടായിരുന്ന കിണർ അജ്ഞാത വാഹനം ഇടിച്ച് തകർന്നു. അതിരൂക്ഷമായ കുടിവെളള പ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടാണ് പ്രദേശവാസികൾ സംഘടിച്ച് ഏകദേശം 90 വർഷങ്ങൾക്ക് മുമ്പ് ഇവിടെ കിണർ സ്ഥാപിച്ചത്. പിന്നീട് ഇടുക്കി പദ്ധതിയുടെ ഭാഗമായി റോഡ്‌ വെട്ടിയപ്പോൾ ഈ കിണർ മൂടിയില്ല. നാടുകാണിയിലെ ബട്ടർഫ്ളൈ വാൽവിന്റെ നിർമ്മാണത്തിനായി വലിയ പൈപ്പുകളും മറ്റ് സാധന സാമഗ്രികളും ഭാരവണ്ടികളിൽ എത്തിക്കുന്നതിന് ഈ ഭാഗത്ത് റോഡിന് വീതി കുറവ് പ്രശ്നമായി. തുടർന്ന് കിണറിന്റെ മറുവശത്ത് സമാന്തരമായി മറ്റൊരു റോഡ് കൂടി വെട്ടിയതോടെയാണ് കിണർ റോഡിന്റെ നടുക്കായത്. ഇത് വഴി യാത്ര ചെയ്യുന്ന ആളുകൾക്ക് റോഡിന്റെ നടുക്കുള്ള കിണർ ഒരു കൗതുകമായിരുന്നു. പലരും ഫോട്ടോയെടുക്കുകയും വണ്ടി നിറുത്തി റോഡിന് നടുവിലെ കിണർ കാണുകയും ചെയ്യുന്നത് പതിവാണ്. ഇടുക്കി ഭാഗത്തേക്ക് പോയ വാഹനം തട്ടി തകർന്ന നിലയിലാണ് കിണർ. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാരെ കണ്ടു പിടിക്കണമെന്നും കിണറിന്റെ സൈഡ് കെട്ടി സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കിണർ ഇതേ അവസ്ഥയിൽ കിടന്നാൽ കൂടുതൽ അപകടത്തിന് കാരണമാവുമെന്ന് ഇവർ പറയുന്നു.