തൊടുപുഴ: നഗരസഭയിൽ കോലാനി പഞ്ചവടിപ്പാലത്തിന് സമീപം തോണിക്കുഴിമലയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മാലിന്യം തള്ളി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മാലിന്യം എത്തിച്ച മിനി ലോറി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കോലാനി മുളയിങ്കൽ ബിജു, സാമുവൽ (ബിജു) എന്നിവരുടെ പേരിൽ കേസെടുത്തു. ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യമാണ് വാർഡിലെ പകൽവീടിനു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഇയാളുടെ അനുവാദത്തോടെ നിക്ഷേപിച്ചത്. കെ.എൽ. 5 കെ 4250 നമ്പരിലുള്ള മിനിലോറിയിൽ ചാക്കുകെട്ടുകളിലാക്കിയ നിലയിലായിരുന്നു മാലിന്യം. സംഭവമറിഞ്ഞ് നാട്ടുകാരെത്തി മാലിന്യം സ്ഥലത്തു നിന്നു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് നഗരസഭ ചെയർമാൻ സനീഷ് ജോർജ്, കൗൺസിലർമാരായ മെർലി രാജു, ആർ.ഹരി എന്നിവരും സ്ഥലത്തെത്തി. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. തുടർന്ന് മാലിന്യം എത്തിച്ചവരോട് ഇതു നീക്കം ചെയ്യണമെന്ന് നിർദേശം നൽകി. കേസെടുത്ത പൊലീസ് ഇന്നലെ വാഹനം വിട്ടു നൽകി. പിന്നീട് മാലിന്യം തള്ളിയവർ ഇത് സ്ഥലത്തു നിന്ന് നീക്കം ചെയ്തു.