തൊടുപുഴ: വിത്തുല്പാദകരുടെയും ഉൽപ്പാദക നഴ്‌സറി ഉടമകളുടെയും സംഗമം അഞ്ചിന് ഉച്ചയ്ക്ക് 1.30ന് തൊടുപുഴ കാഡ്‌സ് വില്ലേജ് സ്‌ക്വയർ ആഡിറ്റോറിയത്തിൽ നടക്കും. നാടൻ വിത്തുകൾ ഉത്പാദിപ്പിക്കുന്ന കർഷകർക്കാണ് യോഗത്തിൽ പങ്കെടുക്കുന്നതിനുള്ള അവസരം. അതോടൊപ്പം സ്വന്തമായി വിത്തുകളും നടീൽ വസ്തുക്കളും ഉത്പാദിപ്പിക്കുന്ന ഉൽപ്പാദക നഴ്‌സറി കളുടെ ഉടമകൾക്കും ഈ യോഗത്തിൽ പങ്കെടുക്കാം. 'വിത്തുല്പാദനവും സംരക്ഷണവും മറ്റ് പരിപാലന മുറകളും" എന്ന വിഷയത്തെ പറ്റി ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സജിമോൾ ക്ലാസ് എടുക്കും. തുടർന്ന് പച്ചക്കറികളുടെയും മറ്റ് നടീൽ വസ്തുക്കളുടെയും പുതുക്കിയ വില വിവരത്തെ കുറിച്ചുള്ള ചർച്ചകൾ നടത്തും. അതോടൊപ്പം തന്നെ കേന്ദ്ര സർക്കാരിന്റെ പി.എം.കെ.വി.വൈ ട്രെയിനിങ്ങിൽ പങ്കെടുത്ത കർഷകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തും. നൂറ് കർഷകർക്കായിരിക്കും ഈ യോഗത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. പങ്കെടുക്കാനുള്ളവർ കൃത്യസമയത്ത് തന്നെ ഹോളിൽ പ്രവേശിക്കേണ്ടതാണ്. പങ്കെടുക്കുന്ന കർഷകർക്ക് ഐഡന്റിറ്റി കാർഡ് നൽകുന്നതാണ്. കാർഡ് കൈവശമുള്ള ആളുകളുടെ വിത്തുകളും തൈകളും മാത്രമേ ഇനിമുതൽ കാഡ്‌സിന്റെ വിത്ത് ബാങ്കിലും വില്ലേജ് സ്‌ക്വയറിലെ നഴ്‌സറിയിലും വിൽപ്പനയ്ക്കായി സ്വീകരിക്കൂ.