തൊടുപുഴ: വാഗമൺ നിശാ പാർട്ടി കേസിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ക്രൈംബ്രാഞ്ചിന് ലഹരിസംഘത്തെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ശനിയാഴ്ച കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റി. കൊച്ചി സ്വദേശിയും നടിയുമായ ബ്രിസ്റ്റി വിശ്വാസ് ഒഴികെയുള്ള എട്ട് പ്രതികളെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ഇന്നലെ ചോദ്യം ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി മധുവിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഓരോരുത്തരെയും പ്രത്യേകമിരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ഇതിനായി വിവിധ ഉദ്യോഗസ്ഥർക്ക് ചുമതലയും നൽകിയിരുന്നു. പല ചോദ്യങ്ങൾക്കും പ്രതികൾ പരസ്പര വിരുദ്ധമായ മറുപടികളാണ് നൽകിയത്. എങ്കിലും ചില സുപ്രധാന വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഇക്കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ച് എസ്.പിക്ക് കൈമാറി. മറ്റാർക്കെങ്കിലും കേസിൽ പങ്കുണ്ടോ എന്നതടക്കം പരിശോധിക്കും. ഇത്തരത്തിൽ കണ്ടെത്തിയാൽ തെളിവ് ശേഖരിച്ച് കൂടുതൽ പേരെ പ്രതിചേർക്കും. എന്നാൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പിനടക്കം ക്രൈംബ്രാഞ്ചിന് സമയം കിട്ടിയില്ല.
20ന് രാത്രി നിശാലഹരി പാർട്ടി നടക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് ഇടുക്കി അഡീഷണൽ എസ്.പി എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് എൽ.എസ്.ഡി സ്റ്റാമ്പ്, ഹാഷിഷ്, ലഹരി ഗുളിക, ലഹരി മരുന്ന്, കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ വൻ ശേഖരം പിടിച്ചെടുത്തത്. ഒരു സ്ത്രീയടക്കം ഒമ്പത് പേരാണ് അറസ്റ്റിലായത്. സ്ത്രീയുടെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. 24 സ്ത്രീകളടക്കം 61 പേരാണ് നിശാപാർട്ടിക്ക് ഇവിടെയെത്തിയത്. മറ്റുള്ളവരെ വിവരങ്ങൾ ശേഖരിച്ച ശേഷം പിറ്റേന്ന് തന്നെ വിട്ടയച്ചു. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഇവരെല്ലാം സുഹൃത്തുക്കളാണ്. കേസിൽ നിരവധി പേർ ഉൾപ്പെട്ടിട്ടുള്ളതായി നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. എന്നാൽ ഇവരിലേക്ക് എത്താനോ അന്വേഷണം ജില്ലയ്ക്ക് വെളിയിലേക്ക് വ്യാപിപിക്കാനോ ലോക്കൽ പൊലീസിന് ആവാതെ വന്നതോടെയാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്.