അറക്കുളം: മൂലമറ്റം- പതിപ്പള്ളി- ഉളുപ്പൂണി റോഡിന് ശാപമോഷമാകുന്നു. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇതിന് മുന്നോടിയായി കരാറുകാർ പണിക്കാവശ്യമായ യന്ത്രസാമഗ്രികൾ പതിപ്പള്ളിയിൽ എത്തിച്ചു. ഒന്നാം ഘട്ടമായി ഏഴ് കിലോമീറ്റർ ദൂരവും രണ്ടാം ഘട്ടമായി 2.900 കിലോമീറ്റർ ദൂരവുമാണ് പൂർത്തീകരിക്കുന്നത്. എം.ഡി ദേവദാസ് ചെയർമാനും കെ.കെ വിജയൻ, കൊച്ചുപറമ്പിൽ സെക്രട്ടറിയുമായിട്ടുള്ള റോഡ് വികസന സമതി വർഷങ്ങളോളം നടത്തിയ നിരവധി നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് 2016ൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ റോഡ് പണിക്കായി 9 കോടി 38 ലക്ഷം രൂപ അനുവദിച്ചത്. പിന്നീട് വനം വകുപ്പിന്റെ അനുവാദം ലഭിക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയാണ് റോഡ് പണിക്കുള്ള തടസങ്ങൾ നീക്കിയത്. റോഡ് പണിക്കാർക്ക് താമസിക്കാനും പണി സാധനങ്ങൾ സൂക്ഷിക്കാനുമായി മുന്നോളം വീടുകൾ നാട്ടുകാർ വിട്ടു നൽകി.