നെടുങ്കണ്ടം: അടുത്തിടെയാണ് റിസോർട്ടാണെന്ന് തെറ്റിദ്ധരിച്ച് കഞ്ചാവ് കടത്തുകാരൻ കമ്പംമെട്ടിലെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. അയാളെ തെറ്റുപറയാനാകില്ല. ഇവിടെയെത്തുന്ന ആർക്കും ആ സംശയമുണ്ടാകും. മത്സ്യകൃഷി, അക്വപോണിക്‌സ്, തേനീച്ച കൃഷി, പച്ചക്കറി കൃഷി എന്നിവയെല്ലാം കാണുമ്പോൾ പൊലീസ് സ്റ്റേഷനാണെന്ന് ആരും പറയില്ല. ഫാംഹൗസോ പച്ചപ്പണിഞ്ഞ റിസോർട്ടോ ആണെന്നേ പറയൂ.

മൂന്ന് വർഷം മുമ്പാണ് കമ്പംമെട്ട് സ്റ്റേഷൻ മുറ്റത്ത് കാടുപിടിച്ചു കിടന്നിരുന്ന ഭൂമി വൃത്തിയാക്കി പച്ചക്കറി കൃഷിയിറക്കിയത്. എന്നാൽ വിളവെടുപ്പിന് പാകമായതോടെ വാനര സംഘമെത്തി കൃഷി മുഴുവൻ നശിപ്പിച്ചു. നാട്ടുകാരുടെ ജിവനും സ്വത്തും സംരക്ഷിക്കുന്ന പൊലീസുകാർ വാനരന്റെ മുന്നിൽ തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. വാനരസംഘത്തെ തുരത്താൻ കൃഷി വകുപ്പിന്റെ സഹായം തേടി. കരുണാപുരം കൃഷിഭവന്റെ നിർദ്ദേശപ്രകാരം മഴമറയിലേക്ക് മാറിയതോടെയാണ് കൃഷി വിജയിച്ച് തുടങ്ങിയത്. കൃഷി ചെയ്യാൻ കരുണാപുരം പഞ്ചായത്തിന്റെ സഹായവും പൊലീസിന് ലഭിച്ചു. ആദ്യം പയറും പാവലും ബീൻസും തക്കാളിയുമായിരുന്നു കൃഷിയിറക്കിയത്. നിലവിൽ വിദേശിയും സ്വദേശിയുമായി നിരവിധി വിളകൾ കമ്പംമെട്ട് സ്റ്റേഷനിൽ വിളയുന്നു. കഴിഞ്ഞ വിളവെടുപ്പ് ഉത്സവത്തിൽ ജില്ലാ പൊലീസ് മേധാവി കമ്പംമെട്ടിലെ പൊലീസുകാരുടെ പരിശ്രമത്തെ അഭിനന്ദിച്ചിരുന്നു. കമ്പംമെട്ട് സി.ഐ ജി.സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് കൃഷി പരിപാലനം നടക്കുന്നത്‌.

മീൻ മുതൽ തേൻ വരെ കസ്റ്റഡിയിൽ

4000 ചിത്രലാട മത്സ്യകുഞ്ഞുങ്ങളാണ് പൊലീസ് സ്റ്റേഷനിലെ ഭീമൻ കുളത്തിൽ വളരുന്നത്. കുളത്തിന് 72 അടി നീളവും 25 അടി വീതിയും ആറരയടി താഴ്ചയുമുണ്ട്. രണ്ട് ലക്ഷം ലിറ്റർ വെള്ളം കുളത്തിൽ സംഭരിക്കാം. വെള്ളം ശുദ്ധികരിക്കാനായി അക്വപോണിക്‌സ് കൃഷി രീതിയാണ് കമ്പംമെട്ട് ക്രമീകരിച്ചത്. മീൻ കുളത്തിലെ വെള്ളം പച്ചക്കറി കൃഷിക്കു വളമാകും. ശേഷം ശുദ്ധികരിച്ച വെള്ളം മീൻ കുളത്തിലേക്ക് മടങ്ങിയെത്തും. പച്ചക്കറി കൃഷിക്കൊപ്പം തേനീച്ച പെട്ടികൾ വെച്ച് പ്രകൃതിദത്തമായ തേനും ഇവർ ഉത്പാദിപ്പിക്കുന്നുണ്ട്.

കാക്കിക്കുള്ളിലെ കൃഷിക്കാരൻ

സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും പൂർണ പങ്കാളിത്തത്തോടെ ദിവസവും രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ ഷിഫ്‌റ്റായാണ് പച്ചക്കറി പരിപാലനം. തിരക്കുപിടിച്ച ജോലിക്കിടെ കിട്ടുന്ന ഇടവേളകളും കൃഷിയിടം പരിപാലിക്കാനാണ് ഇവിടുത്തെ പൊലീസുകാർ ചിലവിടുന്നത്. ജൈവ കൃഷി രീതിയിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ സ്റ്റേഷൻ മെസിലെ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. കൂടാതെ ഇവിടെ എത്തുന്നവർക്കും നൽകും.