രാജകുമാരി: രാജകുമാരിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് 40 ലിറ്റർ വിദേശമദ്യം എക്‌സൈസ് സംഘം പിടികൂടി. രാജകുമാരി ഖജനാപ്പാറ ജയമന്ദിരത്തിൽ പോതു രാജിന്റെ വീടിന്റെ സമീപത്ത് നിന്നുമാണ് 80 കുപ്പികളിലായി സൂക്ഷിച്ചിരുന്ന വിദേശമദ്യ ശേഖരം കണ്ടെത്തിയത്. പോതുരാജനെതിരെ അബ്‌കാരി നിയമപ്രകാരം കേസെടുത്തു. ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, പ്രിവന്റീവ് ഓഫീസർ പി.എസ്. സുരേഷ് ബാബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.എം. അമൽ, ടിൽസ് ജോസഫ്, വി.ജെ. ജോഷി, വി.ജെ. വിനോജ്, എൻ.എസ്. സിന്ധു എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. അനധികൃത മദ്യവില്പന നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ച മുമ്പ് എക്‌സൈസ് സംഘം പോതു രാജന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും മദ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇയാൾ ഒളിവിൽ പോയതായി ഉദ്യോഗസ്ഥർ പറഞ്ഞു.