തൊടുപുഴ: ജില്ലയിൽ സർക്കാർ പൊതുമേഖലാ ഓഫീസുകളുടെ ഹരിത ഓഡിറ്റിംഗിന് നടപടികളാരംഭിച്ചു. വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത ജില്ലയിലെ 600 ഓഫീസുകളിലാണ് ആദ്യഘട്ടത്തിൽ ഹരിത ഓഡിറ്റിംഗ് നടത്തുന്നത്. ഇവിടങ്ങളിൽ സർക്കാർ നിയോഗിക്കുന്ന പ്രത്യേക സംഘം പരിശോധനയും വിലയിരുത്തലും നടത്തും. ഈ മാസം 10മുതൽ മുതൽ 20വരെയാണ് ഹരിത ഓഡിറ്റിംഗ് നടക്കുക. ജില്ലയിലെ ഓരോ ഓഫീസിലെയും ഹരിതാഭയുടെ മൂല്യമാണ് നിർണ്ണയിക്കുക. റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ 10000 ഹരിത ഓഫീസുകളെ കണ്ടെത്തി സർട്ടിഫിക്കറ്റുകളും അവാർഡുകളും നൽകുന്നതിന്റെ ഭാഗമായാണ് ജില്ലയിലും ഹരിത ഓഡിറ്റിംഗ് നടത്തുന്നത്.പൊതു സ്ഥാപനങ്ങളെല്ലാം പൂർണ്ണമായി ഹരിതചട്ടത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കി ഹരിത ഓഫീസുകളായി പ്രഖ്യാപിക്കാനാണ് ലക്ഷ്യം. ഹരിതകേരളം, ശുചിത്വ മിഷൻ എന്നിവ സംയുക്തമായാണ് ഓഡിറ്റിംഗിന് നേതൃത്വം നൽകുന്നത്.

ഗ്രാമപ്പഞ്ചായത്തുകളിൽ പത്ത് ,മുനിസിപ്പാലിറ്റികളിൽ 20 എന്നിങ്ങനെയാണ് ഓഫീസുകളെ ഹരിത ഓഡിറ്റിനായി പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുത്തിട്ടുള്ളത്.കൂടാതെ വില്ലേജ് റവന്യു ഓഫീസുകളിലും ഹരിത ഓഡിറ്റിംഗ് നടക്കും.
സർക്കാർപൊതുമേഖലാ ഓഫീസുകളിലെ ഹരിത ചട്ട പാലനത്തിന്റെ പുരോഗതിയും പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളുടെ സാന്നിദ്ധ്യവുമാണ് വിലയിരുത്തപ്പെടുന്നത്.

ഗ്രീൻ ഓഡിറ്റിംഗ്

ജില്ലയിലെ എല്ലാ 62 വില്ലേജ് ഓഫീസുകളിലും അഞ്ച് താലൂക്ക് ഓഫീസുകളിലും ഹരിത ഓഡിറ്റിംഗ് നടത്തണമെന്ന് ജില്ലാ കളക്ടർ ജില്ലാ ഹരിതകേരളം മിഷന് നിർദ്ദേശം നൽകി. ഇന്നു മുതൽ നടത്തുന്ന ഓൺലൈൻ യോഗത്തിൽ ഹരിത ഓഡിറ്റിംഗിന് സജ്ജമാകാനുള്ള നിർദ്ദേശം വില്ലേജ് ഓഫീസർമാർക്ക് നൽകുമെന്നും ജില്ലാ കളക്ടർ എച്ച് ദിനേശൻ പറഞ്ഞു.