പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക്
സഹായകരമായി വികേന്ദ്രീകൃതാസൂത്രണ സർവ്വേ
ഇടുക്കി: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ലക്ഷ്യങ്ങളും കർമ്മ പരിപാടികളും രൂപപ്പെടുത്താൻ ഇതാ ഒരു സഹായം.ഇതിനായി വികേന്ദ്രീകൃതാസൂത്രണ റൗണ്ട് സർവ്വേ ജില്ലയിൽ തുടങ്ങുകയാണ്. സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങളിലെ വിവിധമേഖലകളിൽ 2015-2020 കാലയളവിൽ കൈവരിച്ച നേട്ടങ്ങളാണ് ശേഖരിക്കുന്നത്. ജില്ലാതലത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ട് ജില്ലാ ആസൂത്രണ സമിതി പരിശോധിക്കും. സ്ഥിതി വിവര കണക്ക് ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുളള ഉത്തരവാദിത്തം ഇക്കോണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിനാണ്. ആസൂത്രണബോർഡും, കിലയും, സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പും പങ്കാളിത്തം നൽകും.
വികസനത്തിന്റെ
വഴികൾ കണ്ടറിയും
ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും 2015-16 വാർഷിക പദ്ധതി മുതൽ 2019- 20 വാർഷിക പദ്ധതി വരെ സൃഷ്ടിക്കപ്പെട്ട ആസ്തികളുടെയും ഭൗതികനേട്ടങ്ങളുടെയും സ്ഥിതി വിവര കണക്കുകളാണ് ശേഖരിക്കുന്നത്. തദ്ദേശഭരണസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന വികസന പ്രവർത്തനങ്ങളുടെ വിവരമാണ് ശേഖരിക്കുന്നത്. കാർഷികമേഖലയിലെ വിളവിസ്തൃതി, കൃഷിയോഗ്യമാക്കിയ തരിശുഭൂമിയുടെ വിസ്തൃതി, വിതരണം ചെയ്ത കാർഷിക യന്ത്രങ്ങളുടെ എണ്ണം, ജൈവവളം, കീടനാശിനി, രാസവളം എന്നിവയുടെ അളവും മറ്റ് കാർഷിക വികസന പ്രവർത്തനങ്ങളുടെ വിവരവുംശേഖരിക്കും. ജില്ലയിലെ പാൽ ഉത്പാദനത്തിലുണ്ടായ വർദ്ധനവ്, തീറ്റപുൽകൃഷി വിസ്തൃതി, കാലിത്തീറ്റ വിതരണം, മുട്ട മാംസം എന്നിവയുടെ ഉത്പാദനം, കന്നുകാലി ഇൻഷ്വറൻസ്, എബിസി പ്രോഗ്രാം, റാബീസ് വാക്‌സിനേഷൻ, വിതരണം ചെയ്ത മൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണം എന്നിവസർവ്വേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.തദ്ദേശഭരണ സ്ഥാപനങ്ങൾ മിനി വ്യവസായ യൂണിറ്റുകൾക്കായി വാങ്ങിയ ഭൂമി സംബന്ധിച്ച വിശദാംശങ്ങളും സർവ്വേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിലവിലുളള കളിസ്ഥലം, ആഡിറ്റോറിയം അടക്കമുളള ആസ്തികളുടെ വികസനം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയ ഉപകരണങ്ങൾ,സേവനങ്ങൾ എന്നിവയുടെ വിശദവിവരങ്ങളുംശേഖരിക്കുന്നുണ്ട് അലോപ്പതി, ആയുർവേദം,ഹോമിയോപ്പതി രംഗങ്ങളിൽ ഏർപ്പെടുത്തിയ വിവിധ സൗകര്യങ്ങളും പാലിയേറ്റീവ് കെയർ പരിചരണവും സർവ്വെയുടെ ഭാഗമായിശേഖരിക്കും.
ഉറവിട മാലിന്യസംസ്‌കരണം, പ്ലാസ്റ്റിക് സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഹരിത കർമ്മസേനയുടെ പ്രവർത്തനം, കുടിവെളള ലഭ്യത, ഭവന നിർമ്മാണമേഖലയിലെ പുരോഗതി, വനിതാ ശിശുവികസനത്തിനായുളള പ്രവർത്തനങ്ങൾ, വൃദ്ധസദനങ്ങൾ, ഭിന്നശേഷിക്കാർക്കുളള സ്‌കോളർഷിപ്പും ഉപകരണങ്ങളും, പകൽ വീട് സംവിധാനം, വിവിധ പശ്ചാത്തല സൗകര്യ വികസന പ്രവർത്തനങ്ങൾ എന്നിവയുടെ വിവരങ്ങളുംശേഖരിക്കുന്നുണ്ട്.
പരിശീലനം നൽകി
സർവ്വെ നടത്തുന്നതിനായി ജില്ലയിലെ വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർക്ക് ഓൺലൈനായി പരിശീലനം നൽകി. സർവ്വെ വിവരങ്ങൾ മാദ്ധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ഗവേഷകർക്കുമായി ലഭ്യമാക്കും. എല്ലാ അഞ്ചു വർഷ ഇടവേളകളിലും സർവ്വെ സംഘടിപ്പിക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സർവ്വെ നടത്തിപ്പിനായിചേർന്ന ജില്ലാതലയോഗത്തിൽ ജില്ലാ കളക്ടർ എച്ച് .ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.