തൊടുപുഴ: മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (എംവിഐപി) യുടെ ഭാഗമായുള്ള മലങ്കര ഇരുകനാലുകളും ചൊവ്വ, ബുധൻ ദിവസങ്ങളിലായി തുറക്കും.പെരുമറ്റം,കോലാനി, നടുക്കണ്ടം, നെടിയശാല, മണക്കാട്, അരിക്കുഴ, പണ്ടപ്പിള്ളി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഇടതുകര കനാൽ ചൊവ്വാഴ്ച്ച രാവിലെ ആറ് മണി മുതൽ തുറക്കും. തെക്കുഭാഗം, ഇടവെട്ടി, തൊണ്ടിക്കുഴ, മുതലക്കോടം, പെരുമ്പിള്ളിച്ചിറ, കുമാരമംഗലം, നാഗപ്പുഴ, കല്ലൂർക്കാട് എന്നിവിടങ്ങളിലൂടെ ഒഴുകുന്ന വലതു കര കനാൽ ബുധനാഴ്ച രാവിലെ അഞ്ചു മണി മുതലും തുറക്കുമെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഡാമിൽ 39 മീറ്ററിന് മുകളിൽ വെള്ളം ഉണ്ടെങ്കിലാണ് ഇടതുകരയിലൂടെ വെള്ളം ഒഴുക്കാനാവുക. വലതുകര കനാലിലൂടെ വെള്ളമൊഴുക്കണമെങ്കിൽ ഡാമിൽ 39.5 മീറ്ററിന് മുകളിലും ജലനിരപ്പ്‌വേണം. നിലവിൽ ഡാമിലെ ജലനിരപ്പ് 41.56 മീറ്ററാണ്. 42 മീറ്ററാണ് പരമാവധി സംഭരണശേഷി.വെള്ളം തുറന്നു വിടുന്നതിന് മുന്നോടിയായി കനാലിലെ അറ്റകുറ്റപണികളും ഇരുവശങ്ങളിലെയും കാട് തെളിക്കുന്നജോലികളും പൂർത്തിയാക്കി.
ആദ്യ ദിവസങ്ങളിൽ 30 മുതൽ 50 വരെ സെ.മീറ്റർ വീതം വെള്ളമാണ് കനാലിലൂടെ ഒഴുക്കുക. വരും ദിവസങ്ങളിൽ തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടുമെന്നും എം.വി.ഐ.പി. അധികൃതർ പറഞ്ഞു.