തൊടുപുഴ: അൻപത് വയസ് മുതൽ അറുപത്തഞ്ച് വയസുവരെയുള്ള ആളുകൾക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാനം ലഭ്യമാക്കുന്നതിന് വേണ്ടി എംപ്ലോയിമെന്റ് എക്സേഞ്ച് മുഖേന വായ്പ അനുവദിക്കുന്ന പദ്ധതിക്ക് തുടക്കമാകുന്നു. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതി പ്രകാരം എംപ്ലോയിമെന്റ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന "നവജീവൻ" പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വായ്പ അനുവദിക്കുന്നത്. എംപ്ലോയിമെന്റ് എക്സേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് രജിസ്ട്രേഷൻ കൃത്യമായി പുതുക്കി വരുന്നവർക്ക് അപേക്ഷിക്കാം. ദേശസാത്കൃത / ഷെഡ്യൂൾഡ് ബാങ്കുകൾ, ജില്ലാ / സംസ്ഥാന സഹകരണ ബാങ്കുകൾ, കെ എസ് എഫ് ഇ എന്നിങ്ങനെയുള്ള ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷകരുടെ വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷം രൂപ കവിയരുത്. കൃത്യമായി രജിസ്ട്രേഷൻ പുതുക്കി വരുന്നവർക്ക് വായ്പ അനുവദിക്കാൻ മുൻഗണന നൽകും. വായ്പയുടെ 25 ശതമാനം സബ്സിഡി കഴിഞ്ഞുള്ള തുക തിരിച്ചടച്ചാൽ മതിയാകും. പരമാവധി 12,500 രൂപ വരെയാണ് സബ്സിഡി. ഇടുക്കി ജില്ലയിലുള്ളവർ കട്ടപ്പന ജില്ലാ എംപ്ലോയിമെന്റ് ഓഫീസ്, തൊടുപുഴ - അടിമാലി - പീരുമേട് എന്നിവിടങ്ങളിലുള്ള സബ് എംപ്ലോയിമെന്റ് ഓഫീസുകളിൽ രജിസ്റ്റർ ചെയ്യണം. വ്യക്തിഗതവും സംയുക്ത സംരംഭങ്ങളും പദ്ധതി പ്രകാരം ആരംഭിക്കാം.
വായ്പ അനുവദിക്കുന്ന
സ്വയം തൊഴിൽ പദ്ധതികൾ .........
കാറ്ററിംഗ്, പല ചരക്ക് കട, വസ്ത്ര വില്പന ഷോപ്പ്,കുട നിർമ്മാണം, ഓട്ടോ മൊബൈൽ സ്പെയർ പാർട്സ് ഷോപ്പ്, മെഴുക് തിരി നിർമ്മാണം, സോപ്പ് നിർമ്മാണം, ഡി റ്റി പി, തയ്യൽ ഷോപ്പ്, ഇന്റർനെറ്റ് കഫേ .... തുടങ്ങി പ്രാദേശികമായി വിജയ സാധ്യതയുള്ള സംരംഭങ്ങൾ ആരംഭിക്കാം.
"അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി സംബന്ധിച്ച് നിർദേശം ലഭിച്ചിട്ടില്ല. എങ്കിലും പരമാവധി ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭ്യമാക്കും" ബെന്നി മാത്യു, ജില്ലാ എംപ്ലോയിമെന്റ് ഓഫീസർ