തൊടുപുഴ : കർഷകരെ വിസ്മരിച്ച് ജൈവ വൈവിധ്യം നിലനിർത്തുക സാദ്ധ്യമല്ലെന്നും ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നതിനും കർഷകർ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും കേരള ബയോഡൈവേഴ്‌സിറ്റി ബോർഡ് മുൻ ചെയർമാൻ ഡോ. ഉമ്മൻ വി. ഉമ്മൻ അഭിപ്രായപ്പെട്ടു. ഗാന്ധിജി സ്റ്റഡി സെന്റർ കാർഷികമേളയോടനുബന്ധിച്ച് പശ്ചിമഘട്ടത്തിലെ ജൈവ വൈവിദ്ധ്യം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളെ തുടർന്ന് ജനങ്ങൾക്കുണ്ടായിരുന്ന ആശങ്ക പരിഹരിക്കുന്നതിന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പശ്ചിമഘട്ട മേഖലയിൽ താമസിക്കുന്ന ആളുകളുടെ താൽപര്യം മുൻനിറുത്തിയാണ് റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ചത്. ഇതിന്റെ കരടു റിപ്പോർട്ട് കേന്ദ്രം അംഗീകരിക്കുകയും ചെയ്തു.ജൈവ വൈവിധ്യം സംരക്ഷിച്ചില്ലെങ്കിൽ കാലാവസ്ഥ വ്യതിയാനം ഉണ്ടാകും. കൊവിഡിന്റെ നാളുകൾ പ്രകൃതി ശുദ്ധീകരണത്തിനായി വിനിയോഗിക്കപ്പെട്ടു. കാർബൺ മലിനീകരണം വൻതോതിൽ കുറഞ്ഞു.
കൃഷിനഷ്ടമാണെന്നു പറയുന്ന കാലഘട്ടത്തിൽ, ഒരേക്കറിലും രണ്ടേക്കറിലും കൃഷി ചെയ്യുന്ന ഒട്ടേറെ കർഷകർ നല്ല വരുമാനം കണ്ടെത്തുകയും മറ്റുള്ളവർക്ക് വഴി കാട്ടിയായി മാറുകയും ചെയ്യുന്ന നല്ല അനുഭവങ്ങൾ ഇന്ന് നമുക്ക് മുന്നിലുണ്ടെന്ന് യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ. പറഞ്ഞു. കൂടുതലാളുകൾ കൃഷിയിലേയ്ക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്ന കാഴ്ച പ്രകടമാണ്. വിജയഗാഥ രചിച്ച ഓരോ കർഷകന്റെയും അനുഭവങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമാകണം. ജോസഫ് പറഞ്ഞു.
കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., മോൻസ് ജോസഫ് എം.എൽ.എ., കാർഷിക സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.വി. പീറ്റർ, മാത്യു സ്റ്റീഫൻ എക്‌സ് എം.എൽ.എ., പ്രൊഫ. എം.ജെ. ജേക്കബ്, അഡ്വ. ജോസഫ് ജോൺ, ഫാ. പോൾ കാരക്കൊമ്പിൽ, എം.എസ്. മുഹമ്മദ്, പി.പി. ജോയ്, കെ. എസ്. അജി, ശ്രീലക്ഷ്മി സുദീപ്, കെ. സുരേഷ് ബാബു, ഷാഹുൽ പള്ളത്തുപറമ്പിൽ, എം.എൻ. സുരേഷ്, ടി.സി. രാജു എന്നിവർ സംസാരിച്ചു. ഉച്ചകഴിഞ്ഞ് നടന്ന കേരളം ഉൾപ്പെടെയുള്ള പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യം സെമിനാറിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എക്‌സ് എം.പി. അദ്ധ്യക്ഷത വഹിച്ചു. ഡോ. മാത്യു ഡാൻ (സീനിയർ സയന്റിസ്റ്റ്, റ്റിബിജിആർഐ. പാലോട്), ഡോ. സ്റ്റീഫൻ ചേരിയിൽ (ഡയറക്ടർ, സിഎംആർഎ വാഗമൺ), ഡോ. കെ.ബി. രമേശ് കുമാർ, ഡോ. സാബു ഡി മാത്യു, ഡോ, ജിജി കെ. ജോസഫ്, പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റ്‌നാൽ എന്നിവർ സംസാരിച്ചു.