തലയ്ക്ക് പിന്നിൽ അപ്രതീക്ഷിതമായി കൂടംകൊണ്ട് ഒരടി കിട്ടിയ അവസ്ഥയിലാണ് തൊടുപുഴയിലെ യു.ഡി.എഫ് നേതൃത്വം. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും സ്വന്തം കൈവെള്ളയിലാണെന്ന് വിശ്വസിച്ചിരുന്ന നഗരസഭാ ഭരണമാണ് നഷ്ടമായത്. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാൻ തന്നെ നേതാക്കൾക്ക് കുറച്ച് സമയമെടുക്കേണ്ടി വന്നു. അത്ര പവർഫുള്ളായിരുന്നു ഇടതുപക്ഷത്തിന്റെ സർജിക്കൽ സ്ട്രൈക്ക്.
ഇടുക്കി ജില്ലയിൽ രണ്ട് നഗരസഭകളാണുള്ളത്. വർഷങ്ങളായി യു.ഡി.എഫ് ഭരിക്കുന്ന തൊടുപുഴയും കട്ടപ്പനയും. അതിൽ കട്ടപ്പനയിൽ വലിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് ഭരണത്തുടർച്ച നേടി. എന്നാൽ തൊടുപുഴയിൽ 2015ലെ പോലെ തന്നെ ഇത്തവണയും ആർക്കും കേവല ഭൂരിപക്ഷം നേടാനായില്ല. 35 അംഗ തൊടുപുഴ നഗരസഭാ കൗൺസിലിൽ യു.ഡി.എഫ്- 13, എൽ.ഡി.എഫ്- 12, എൻ.ഡി.എ- എട്ട്, കോൺഗ്രസ് വിമതർ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. ആർക്കും കേവലഭൂരിപക്ഷമില്ലാത്തതിനാൽ 14 പേരുടെ പിന്തുണ ഉറപ്പിക്കുന്ന മുന്നണി അധികാരത്തിൽ എത്തുമായിരുന്നു. ഈ മാന്ത്രികസംഖ്യയിലെത്താൻ യു.ഡി.എഫിന് ഒരാളുടെയും എൽ.ഡി.എഫിന് രണ്ടുപേരുടെയും പിന്തുണ ആവശ്യമായിരുന്നു. കഴിഞ്ഞ തവണത്തെ പോലെ കോൺഗ്രസ് വിമതരുടെ പിന്തുണയോടെ ഭരിക്കാമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു യു.ഡി.എഫ്. സ്വന്തം അക്കൗണ്ടിലുള്ള 13 പേരും കൂടെ നിൽക്കുമെന്ന കണക്കുകൂട്ടലിൽ വിമതരെ ഒപ്പം കൂട്ടാൻ ചർച്ചകളുമായി ഇവർ മുന്നോട്ടു പോയി. യു.ഡി.എഫ് സംസ്ഥാനതല നേതാക്കൾ വരെ ചർച്ചകൾക്ക് രംഗത്ത് വന്നിരുന്നു. 19-ാം വാർഡായ കീരികോടിൽ നിന്ന് കോൺഗ്രസ് വിമതയായി ജയിച്ച നിസ സക്കീർ ചെയർമാൻ തിരഞ്ഞെടുപ്പിന്റെ തലേന്ന് പിന്തുണ പ്രഖ്യാപിച്ചതോടെ യു.ഡി.എഫ് അധികാരം ഉറപ്പിച്ചു. ഭരണം ലഭിച്ചാൽ ടേം അനുസരിച്ചുള്ള വീതം വയ്പും ഇതിനിടെ നടത്തി. ആറംഗങ്ങളുള്ള മുസ്ലിംലീഗിനും അഞ്ച് അംഗങ്ങളുള്ള കോൺഗ്രസിനും രണ്ടു വർഷം വീതവും രണ്ട് അംഗങ്ങളുള്ള കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു വർഷവും ചെയർമാൻ പദവി നൽകാനായിരുന്നു തലേന്ന് രാത്രി നടന്ന ചർച്ചയിൽ ധാരണയായത്. ഇതനുസരിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ജോസഫ് ജോണിന് ആദ്യ ഒരു വർഷം ചെയർമാൻ പദവി നൽകാനും തീരുമാനിച്ചു. 12-ാം വാർഡായ കാരൂപ്പാറയിൽ നിന്ന് കോൺഗ്രസ് വിമതനായി ജയിച്ച സനീഷ് ജോർജിന്റെ പിന്തുണയും തങ്ങൾ ഉറപ്പിച്ചതായാണ് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അവകാശപ്പെട്ടത്. എന്നാൽ, പിറ്റേന്ന് രാവിലെ അപ്രതീക്ഷിത അട്ടിമറിയാണ് ഉണ്ടായത്. സനീഷ് ജോർജും ഒമ്പതാം വാർഡായ പെട്ടേനാടിൽ മുസ്ലീംലീഗ് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച ജെസി ജോണിയും എൽ.ഡി.എഫ് കൗൺസിലർമാർക്കൊപ്പം നഗരസഭയിലേക്ക് വരുന്ന കാഴ്ച കണ്ട് യു.ഡി.എഫ് ക്യാമ്പ് ഞെട്ടി. എൽ.ഡി.എഫ് വിമതൻ സനീഷ് ജോർജിനെ ചെയർമാൻ സ്ഥാനാർത്ഥിയും ജെസി ജോണിയെ വൈസ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയുമാക്കി. പിന്നെ കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്ടമാകുന്നത് യു.ഡി.എഫ് നേതാക്കൾക്ക് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ. ചെയർമാൻ തിരഞ്ഞെടുപ്പിൽ സനീഷ് ജോർജിന് 14 ഉം ജോസഫ് ജോണിന് 13 ഉം വോട്ടുകൾ ലഭിച്ചു. എൻ.ഡി.എ വിട്ടുനിന്നു. വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിലും ഇതേ വോട്ടുനില ആവർത്തിച്ചു. അങ്ങനെ തൊടുപുഴ നഗരസഭ ഇടതുപക്ഷം പിടിച്ചെടുത്തു.
രണ്ട് പതിറ്റാണ്ടിന് ശേഷം
2018ൽ സി.പി.എമ്മിലെ മിനി മധു ആറ് മാസക്കാലം ചെയർപേഴ്സണായിരുന്നത് ഒഴിച്ചാൽ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് എൽ.ഡി.എഫ് തൊടുപുഴ നഗരസഭയിൽ അധികാരം പിടിക്കുന്നത്. നഗരസഭാ രൂപീകരണകാലം മുതൽ ഇടതുപക്ഷമാണ് ഭരിച്ചിരുന്നത്. 1995- 2000 കാലഘട്ടത്തിലാണ് അവസാനമായി എൽ.ഡി.എഫ് തൊടുപുഴ നഗരസഭയിൽ അഞ്ചുവർഷം തികച്ച് ഭരിക്കുന്നത്. പിന്നീട് തുടർച്ചയായി യു.ഡി.എഫിനായിരുന്നു ഭരണം.
എന്തു വിലകൊടുത്തും ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളുമായി എൽ.ഡി.എഫ് രഹസ്യമായി നടത്തിയ കരുനീക്കം വിജയം കാണുകയായിരുന്നു. കോൺഗ്രസ് വിമതരുമായുള്ള ചർച്ചയ്ക്കൊപ്പം യു.ഡി.എഫ് സ്വതന്ത്രരെയും കൂടെക്കൂട്ടാനുള്ള ചർച്ചകളും എൽ.ഡി.എഫ് നടത്തിയിരുന്നു. ലീഗിന്റെ പിന്തുണയോടെ വിജയിച്ച ജെസി ജോണിയുമായി എൽ.ഡി.എഫ് ചർച്ച നടത്തിയത് യു.ഡി.എഫ് അറിഞ്ഞില്ല. ആദ്യടേമിൽ വൈസ് ചെയർപേഴ്സൺ സ്ഥാനം ജെസി ജോണി ആവശ്യപ്പെട്ടെങ്കിലും നൽകാൻ ലീഗ് നേതൃത്വം തയ്യാറാകാതിരുന്നതാണ് ഇവർ എൽ.ഡി.എഫ് പക്ഷത്തേക്ക് പോകാനിടയാക്കിയതെന്ന് സൂചനയുണ്ട്. ഇതിനിടെ ബി.ജെ.പി സ്വതന്ത്രനിലപാട് സ്വീകരിച്ചതും എൽ.ഡി.എഫിന് ഗുണം ചെയ്തു. ഒടുവിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ ഒരാളുടെ പിൻബലത്തിൽ എൽ.ഡി.എഫ് ഡ്രൈവിംഗ് സീറ്റിലെത്തുകയായിരുന്നു. അതേസമയം ജെസി ജോണിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് ലീഗ് നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഈ നിയമനടപടികൾ അനന്തമായി നീളുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫും ജെസിയും.
ഐക്യമില്ലാത്ത മുന്നണി
പേര് ഐക്യജനാധിപത്യ മുന്നണിയെന്നാണെങ്കിലും ഐക്യവും ജനാധിപത്യവും തൊട്ടുതീണ്ടാത്ത മുന്നണിയാണിതെന്ന് പറയാതെ വയ്യ. നഗരസഭ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം മുതൽ യു.ഡി.എഫിലുണ്ടായ അസ്വാരസ്യങ്ങളുടെ ബാക്കി പത്രമായിരുന്നു നഗരസഭ അദ്ധ്യക്ഷ തിരഞ്ഞടുപ്പിലും ദൃശ്യമായത്. കഴിഞ്ഞ തവണ കേരളകോൺഗ്രസ് ജോസ് വിഭാഗം മത്സരിച്ച സീറ്റുകളിലെല്ലാം തങ്ങൾ മത്സരിക്കുമെന്ന ജോസഫ് വിഭാഗത്തിന്റെ വാശി പലയിടത്തും കോൺഗ്രസ് നേതാക്കളിലുണ്ടാക്കിയ അതൃപ്തി തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചിരുന്നു. കോൺഗ്രസ് കാലുവാരിയതാണ് പരാജയത്തിനിടയാക്കിയതെന്ന് ജോസഫ് വിഭാഗവും തുറന്നടിക്കുന്നു. നഗരസഭയിൽ മത്സരിച്ച ഏഴ് സീറ്റുകളിൽ രണ്ടിടത്ത് മാത്രം വിജയിച്ച ജോസഫ് വിഭാഗത്തിന് ആദ്യ ടേം തന്നെ ചെയർമാൻ പദവി നൽകുന്നതിനെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതിൽ പ്രതിഷേധവുമായി രാത്രി കോൺഗ്രസ് പ്രവർത്തകർ മുന്നണി യോഗം നടന്ന ഹോട്ടലിന് മുന്നിലെത്തിയിരുന്നു. ഇവരിൽ ചിലർ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനെയടക്കം കൈയേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടം മുതൽ കോൺഗ്രസിനുള്ളിൽ നിറഞ്ഞാടിയ ഗ്രൂപ്പ് പോരിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമായിരുന്നു ഇത് . ഗ്രൂപ്പ് പോര് നിയന്ത്രിക്കാനോ പ്രവർത്തകരുടെ വികാരം മനസിലാക്കി തീരുമാനമെടുക്കാനോ നേതൃത്വത്തിന് കഴിഞ്ഞില്ല.