തൊടുപുഴ: ഒമ്പതു മാസത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകളും കോളേജുകളും തുറന്നപ്പോൾ യാത്രാ ചെലവിലെ വർദ്ധന വിദ്യാർത്ഥികളെ പ്രതിസന്ധിയിലാഴ്ത്തുന്നു. പലർക്കും കെ.എസ്.ആർ.ടി.സി കൺസഷൻ ഇല്ല. ജില്ലയ്ക്ക് വെളിയിൽ പഠിക്കുന്നവർക്കും പത്തു കിലോ മീറ്ററിലേറെ ദൂരത്തുനിന്നു വരുന്നവർക്കും നിത്യേന വിദ്യാലയത്തിൽ എത്തണമെങ്കിൽ ഭീമമായ തുക കണ്ടെത്തേണ്ട സ്ഥിതിയാണ്. ജില്ലയിൽ 10, 12 ക്ലാസുകളിലും കോളേജുകളിലുമടക്കം പതിനായിരക്കണക്കിന് വിദ്യാർത്ഥികളുണ്ട്. ഇത്രത്തോളം കുട്ടികൾ തൊട്ടടുത്ത ജില്ലകളിലും പഠിക്കാൻ പോകുന്നുണ്ട്.
ഇവരിൽ 90 ശതമാനം ആശ്രയിച്ചിരുന്നത് കെ.എസ്.ആർ.ടി.സി ബസുകളെയായായിരുന്നു. കോളേജുകളിൽ നിന്ന് പ്രത്യേക കത്തും അപേക്ഷയും വാങ്ങി കൊടുത്താലേ കെ.എസ്.ആർ.ടി.സി ബസിൽ പാസ് കിട്ടൂ. അതിന് രണ്ടാഴ്ചയെങ്കിലും പിടിക്കും. കുട്ടികളിൽ ഭൂരിഭാഗവും ദൂരയാത്രയ്ക്ക് സ്വകാര്യ ബസുകളെ ആശ്രയിക്കാറില്ല. കൺസഷൻ തരില്ലാത്തതിനാൽ ബസ് ജീവനക്കാരുമായി എന്നും പ്രശ്‌നങ്ങൾ ഉണ്ടാകുന്നതാണ് കാരണം. ബസ് ചാർജ് കൊടുത്ത് പോകണമെങ്കിൽ ദിവസേന കുറഞ്ഞത് 100 രൂപ എങ്കിലും വേണം. അടുത്ത ജില്ലകളിൽ പോകണമെങ്കിൽ ഇതിന്റെ ഇരട്ടിയും വേണ്ടിവരുമെന്ന് വിദ്യാർത്ഥികൾ പറയുന്നു.
'എന്റെ മകനടക്കം പല കുട്ടികളും യാത്രാ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കോളേജ് തുറക്കുന്നതിനൊപ്പം കുട്ടികൾക്ക് എങ്ങനെ നിത്യേന യാത്ര ചെയ്യുമെന്നുകൂടി സർക്കാർ ആലോചിക്കേണ്ടിയിരുന്നു.
(പി.കെ. ശ്രീധരൻ, രക്ഷിതാവ്)
''ഞാനടക്കം എറണാകുളം ജില്ലയിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളുണ്ട്. നേരത്തെ കെ.എസ്.ആർ.ടി.സി കൺസഷൻ കാർഡുണ്ടായിരുന്നു. ഇപ്പോൾ ദിവസവും 80 രൂപയോളം വണ്ടിക്കൂലിയാകുന്നുണ്ട്."
- നവ്യ നാരായണൻ (വിദ്യാർത്ഥിനി)
സർവീസ് പുനരാരംഭിച്ചില്ല
ജില്ലയിൽ പല ഡിപ്പോകളിലും പകുതിയിൽ താഴെ ബസുകൾ മാത്രമാണ് ഇപ്പോഴും കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ പലയിടത്തും ലോക്ക്ഡൗൺ സമയത്ത് നിറുത്തിയ സർവീസുകൾ പുനരാരംഭിക്കാനായിട്ടില്ല. താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതാണ് ക്ഷാമത്തിന് കാരണം. രാവിലെയും വൈകിട്ടുമുണ്ടായിരുന്ന പല ദീർഘദൂര സർവീസുകളും ഇപ്പോൾ ഓടുന്നില്ല. ഇത് കാരണം വിദ്യാലയങ്ങളിൽ പോകാനും വരാനും കൃത്യസമയത്ത് ബസ് കിട്ടാത്ത സ്ഥിതിയുമുണ്ട്.