നെടുങ്കണ്ടം: ശാന്തിഗിരി ആശ്രമത്തിന്റെ ജില്ലയിലെ മൂന്നാമത്തെ ഉപ ആശ്രമമായ രാമക്കൽമേട് ബ്രാഞ്ചിന് 10ന് തിരിതെളിയുമെന്ന് ആശ്രമ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശാന്തിഗിരി ആശ്രമത്തിലെ ഗുരുസ്ഥാനീയ ജനനി അമൃതജ്ഞാന തപസ്വിനിയുടെ ജന്മഗൃഹമാണ് രാമക്കൽമേട് ഉപ ആശ്രമമായി മാറുന്നത്. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി എന്നിവർ ചടങ്ങിന് നേതൃത്വം നൽകും. രാവിലെ ഒമ്പതിനാണ് തിരി തെളിയിക്കുന്നത്.

രാമക്കൽമേട് ബ്രാഞ്ച് തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ശാന്തിഗിരിയുടെ ചരിത്രം വ്യക്തമാക്കുന്ന മ്യൂസിയം, ആദ്ധ്യാത്മിക പാഠശാല, ഗ്രന്ഥശാല, സത്സംഗ കേന്ദ്രം, ആർട്ട് ഗ്യാലറി, ഗോശാല, ഹെർബൽ ഗാർഡൻ, ആയുർവേദസിദ്ധ ഗവേഷണ കേന്ദ്രം തുടങ്ങിയവ സ്ഥാപിക്കും. കൂടാതെ ഭാവിയിൽ ഒരു സിദ്ധ കോളേജ്, സ്‌കൂൾ എന്നിവയും രാമക്കൽമേട് കേന്ദ്രമാക്കി ആരംഭിക്കാൻ ശാന്തിഗിരി ആശ്രമത്തിന് പദ്ധതിയുണ്ട്. രാമക്കൽമേടിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്ക് ജാതിമതഭേദമന്യ സന്ദർശിക്കാൻ കഴിയുന്ന ഒരു മതേതര കേന്ദ്രമാക്കി ഇതിനെ മാറ്റും. ശിഷ്യപൂജിത എന്ന നാമധേയത്തിൽ അമൃതജ്ഞാന തപസ്വിനി എത്തിയതോടെ 2006 ജനുവരി 12ന് കുടുംബവീടും അഞ്ചേക്കർ സ്ഥലവും ആശ്രമം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ ഇവിടെ കൃഷിയും ഒരു ചെറുകിട വ്യവസായ സംരംഭവും നടത്തിവരുന്നു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാകും ചടങ്ങുകൾ. വാർത്താസമ്മേളനത്തിൽ പങ്കെടുത്ത സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി, എ.കെ. തങ്കപ്പൻ, ആർ. സതീശൻ, സി.എൻ. രാജൻ, ശ്രീകുമാർ, ബിനു എന്നിവർ പറഞ്ഞു.