ചെറുതോണി: പ്രളയക്കെടുതിയിൽ തകർന്ന ചെറുതോണിയിൽ പുതിയ പാലത്തിന്റെ നിർമ്മാണമാരംഭിച്ചു. 2018 ൽ മഹാപ്രളയത്തിൽ ഡാം തുറന്നപ്പോൾ പാലം കുത്തൊഴുക്കിൽ തകരുകയായിരുന്നു. തുടർന്ന് പുതിയ പാലം നിർമ്മിക്കുന്നതിന് തീരുമാനമാകുകയും പാലത്തിന്റെ പ്ലാന്റിന് സർക്കാർ അംഗീകാരം നൽകുകയും സർവ്വേ നടപടികൾ പൂർത്തിയാക്കുകയും ചെയ്തതോടെയാണ് നിർമ്മാണമാരംഭിച്ചത്.
കഴിഞ്ഞ ഒക്ടോബർ 13 നു നിർമ്മാണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയെങ്കിലും നിർമ്മാണമാരംഭിച്ചിരുന്നില്ല. 17.55 കോടി രൂപക്ക് മധുരകേന്ദ്രമാക്കിയുള്ള കമ്പനിയാണ് കരാറെടുത്തിട്ടുള്ളത്.അടുത്ത വർഷം ഫെബ്രുവരിയിൽ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാർ. പാലത്തിന്റെ തൂണുകൾ നിർമ്മിക്കേണ്ട സ്ഥലം പാറയായതിനാൽ നിർമ്മാണ പ്രവർത്തനങ്ങവക്ക് ഏറെ ഗുണകരമാണ്. ഇതിനാൽ കുറച്ചുസ്ഥലത്തുമാത്രമേ കുഴിക്കേണ്ടതായുള്ളൂ. നിർമ്മാണത്തിനാവശ്യമായ മെഷ്യനറികൾ മുഴുവനെത്തി. ഇന്നലെ സ്ഥലം നിരപ്പാക്കുന്നതിനുള്ള നടപടികളാരംഭിച്ചു.
പുതിയ പാലത്തിനു 120 മീറ്റർ നീളവും ഇരുവശങ്ങളിലും നടപ്പാതയുൾപ്പെടെ 18 മീറ്റർ വീതിയുമുണ്ടായിരിക്കും. മൂന്നു സ്പാനുകളായിട്ടാണ് പാലം നിർമ്മിക്കുന്നത്. ആധുനിക രീതിയിലുള്ള കൈവരിയും, ക്രാഷ്ബാരിയറും, ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കാനുള്ള സൗകര്യവും പാലത്തിന്റെ പ്രത്യേകതയാണ്. 90 മീറ്റർ വീതമുള്ള രണ്ട് അപ്രോച്ച് റോഡുകളും ഇതോടൊപ്പം നിർമ്മിക്കുന്നുണ്ട്. അപ്രോച്ചുറോഡുകളിലും പാലത്തിന്റെ ഇരുവശങ്ങളിലും സോളാർലൈറ്റുകൾ സ്ഥാപിക്കും. പാലത്തിൽ സ്ഥാപിക്കുന്ന സോളാർലൈറ്റുകൾ ചെറുതോണി ടൗണിൽ മുഴുവൻ വെളിച്ചം ലഭിക്കും പ്രകൃതി ദുരന്തങ്ങളുണ്ടായാലും അണക്കെട്ടിലെ അഞ്ചു ഷട്ടറുകൾ തുറന്നുവിട്ടാലും യാത്രക്ക് തടസമുണ്ടാക്കാത്തവിധത്തിൽ ഉയരത്തിലും ആധുനിക രൂപകൽപ്പന യോടെയാണ് നിർമ്മാണം പൂർത്തിയാക്കുന്നത്.
പഴയപാലം നിലനിർത്തും
2018ലെ പ്രളയകെടുതിയിൽ ജില്ലാ ആസ്ഥാനമേഖലയിലെ ചെറുതോണി ടൗണിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ചെറുതോണിപാലത്തിന്റെ ഒരറ്റംമുറിഞ്ഞുപോവുകയും നമ്പർറ്റൂ വരെയുള്ള റോഡ് പൂർണ്ണമായും ഒലിച്ചുപോവുകയും, ടൗണിലെ ബസ്റ്റാന്റുൾപ്പെടെ അൻപതോളം വ്യാപാരസ്ഥാപനങ്ങൾ ഒലിച്ചുപോവുകയും ചെയ്തിരുന്നു. പുതിയപാലത്തിന്റെ നിർമ്മാണം പൂർത്തിയായാലും പഴയപാലം നിലനിർത്താനാണ് പദ്ധതി.