ചെറുതോണി: നിർമ്മാണ നിരോധനത്തിന് വേഗത്തിൽ പരിഹാരമുണ്ടാക്കണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കൃഷിക്ക് പതിച്ചു നൽകിയ ഭൂമി കാർഷികേതര ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിന്റെ പേരിലും ഇനിയങ്ങോട്ട് കാർഷികേതര ആവശ്യങ്ങൾക്കായി ഇത്തരം ഭൂമി ഉപയോഗിക്കാനാവില്ല എന്നതിന്റെ പേരിലും ഉണ്ടായിരുന്ന വലിയ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ നടപടി വേഗത്തിൽ ഉണ്ടാകണം. ഇതിനെതിരെ തുടരെയുണ്ടായ കോടതി വ്യവഹാരങ്ങളും അവസാനമായി സുപ്രീംകോടതി നൽകിയിരിക്കുന്ന നിർദ്ദേശങ്ങളും സംസ്ഥാനമൊട്ടാകെ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 1500 ചതുരശ്ര അടിവരെയുള്ള നിർമ്മാണങ്ങൾ ക്രമവത്ക്കരിക്കുന്നതിനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെങ്കിലും അതുകൊണ്ടുമാത്രം പ്രശ്‌നം തീരുന്നില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മിച്ചിട്ടുള്ള നിർമ്മാണങ്ങൾ വ്യത്യസ്തകളോടെ ക്രമവത്ക്കരിക്കുകയും ഭൂമിക്ക് പട്ടയം നൽകുകയും വേണം. തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിലുള്ളതുപോലെ കാർഷിക ഭൂമി കാർകികേതര ആവശ്യങ്ങൾക്കായി ഭാവിയിൽ വകമാറ്റുന്നതിന് സഹായകരമാകുന്ന പുതിയ ചട്ടങ്ങൾ ഉണ്ടാകണമെന്നും ഇക്കാര്യങ്ങളിൽ ഒരു സർവ്വകക്ഷിയോഗം ചേർന്ന് എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്നും സമിതി ജനറൽ കൺവീനർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, രക്ഷാധികാരികളായ ആർ മണിക്കുട്ടൻ, സികെമോഹനൻ, മൗലവി മുഹമ്മദ് റഫീഖ് അൽ കൗസരി എന്നിവരാവശ്യപ്പെട്ടു.