തൊടുപുഴ: മലങ്കര അണക്കെട്ടിൽ നിന്നുളള ഇടത് കനാൽ ഇന്നലെ തുറന്ന് കൂത്താട്ടുകുളം മേഖലകളിലേക്ക് വെള്ളം കടത്തി വിടാൻ തുടങ്ങിയതായി എം വി ഐ പി മുവാറ്റുപുഴ സെക്ഷൻ എക്സിക്കുട്ടീവ് എഞ്ചിനീയർ സജി സാമുവൽ അറിയിച്ചു. കോതമംഗലം ഭാഗത്തേക്ക് വെള്ളം കടത്തി വിടുന്നതിനായി വലത് കനാൽ ഇന്നാണ് തുറക്കുന്നത്. മഴയുടെ പെയ്ത്ത് ശക്തമാകുന്നത് വരേയോ മേയ് മാസം അവസാനം വരേയോ രണ്ട് കനാലിലൂടെയും വെള്ളം കടത്തി വിടും. മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉല്പാദനത്തിന് ശേഷം പുറന്തള്ളുന്ന വെളളത്തിന്റേയും സ്വാഭാവികമായി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റേയും അളവിന്റെ വ്യത്യാസത്തിനനുസരിച്ചാണ് രണ്ട് കനാലിലൂടെയും കടത്തിവിടുന്ന വെള്ളത്തിന്റെ അളവ് നിജപ്പെടുത്തുന്നത്. പെരുമറ്റം, കോലാനി, നടുക്കണ്ടം, നെടിയശാല, മണക്കാട്, അരിക്കുഴ, പണ്ടപ്പിള്ളി എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന ഇടതു കര കനാലിലെ വെള്ളം ഒഴുകിയെത്തുന്നത് കൂത്താട്ടുകുളം പ്രദേശത്താണ്. തെക്കുഭാഗം, ഇടവെട്ടി, തൊണ്ടിക്കുഴ, മുതലക്കോടം, പെരുമ്പിള്ളിച്ചിറ, കുമാരമംഗലം, നാഗപ്പുഴ, കല്ലൂര്‍ക്കാട് എന്നിവിടങ്ങളിലൂടെ ഒഴുകുന്ന വലതു കര കനാലിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് കോതമംഗലം ഭാഗത്താണ്. രണ്ട് കനാലിലൂടെയും വെള്ളം കടന്ന് പോകുന്ന വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിലുളള ലക്ഷത്തോളം ആളുകൾ കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് ഈ വെള്ളമാണ്. അണക്കെട്ടിൽ 39 മീറ്ററിന് മുകളിൽവെള്ളം ഉണ്ടെങ്കിലാണ് ഇടതുകരയിലൂടെ വെള്ളം ഒഴുക്കാനാവുക. വലതുകര കനാലിലൂടെ വെള്ളമൊഴുക്കണമെങ്കിൽ അണക്കെട്ടിൽ 39.5 മീറ്ററിന് മുകളിലും ജലനിരപ്പ് ഉയരണം. നിലവിൽ ഡാമിലെ ജലനിരപ്പ് 41.56 മീറ്ററാണ്. 42 മീറ്ററാണ് പരമാവധി സംഭരണ ശേഷി. ആദ്യ ദിവസങ്ങളിൽ 30 മുതൽ 50 വരെ സെ.മീറ്റർവീതം വെള്ളമാണ് രണ്ട് കനാലിലൂടെയും ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ്.